ശബരിമലയില്‍ കതിന പൊട്ടി അപകടമുണ്ടായ സംഭവത്തില്‍ ദേവസ്വം മന്ത്രി റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട കളക്ടറോട് ദേവസ്വം മന്ത്രി കെ. രാധാകൃഷണനാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരുക്കേറ്റത്.
രണ്ടു പേർക്ക് 60 ശതമാനവും ഒരാള്‍ക്ക് 40 ശതമാനവും പൊള്ളലേറ്റു. ഇതില്‍ ജയകുമാറിന്റെ പരുക്ക് ഗുരുതരമാണ്. മൂവരെയും ആദ്യം സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ ജയകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെടിപ്പുരയില്‍ കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.