KERALA

അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അസ്ഫാക് എന്ന് പോലീസ്; കുട്ടിയുമായി മാർക്കറ്റിലെത്തിയത് കണ്ടെന്ന് ദൃക്സാക്ഷി

വെബ് ഡെസ്ക്

ആലുവയിൽനിന്ന് കാണാതായ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത് കുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്ഫാക് ആലം തന്നെയെന്ന് പോലീസ്. പ്രതി രാവിലെ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആലുവ മാർക്കറ്റിൽ പരിശോധന നടത്തിയതെന്ന് ആലുവ റൂറൽ എസ് പി വിവേക് കുമാർ ഐപിഎസ് പറഞ്ഞു. കൂടുതൽപേർക്ക് പങ്കുണ്ടോ എന്നത് അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കി. 21 മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതെന്ന് പോലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയുമായി പ്രതി അസ്ഫാക് ആലം വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷം മാർക്കറ്റിൽ എത്തിയിരുന്നതായി ചുമട്ടു തൊഴിലാളിയായ താജുദ്ദീൻ വെളിപ്പെടുത്തി. ''പ്രതിയുടെ കൈ പിടിച്ചാണ് കുട്ടി വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഉണ്ടായിരുന്നു. കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ മകളാണെന്നായിരുന്നു മറുപടി. പിന്നീട് മൂന്നുപേരും കൂടി പ്രതിയുടെ ഒപ്പം ചേർന്നു. ചോദിച്ചപ്പോൾ സുഹൃത്തുക്കളുമായി മദ്യപിക്കാൻ പോകുന്നുവെന്നായിരുന്നു പറഞ്ഞത്. പിന്നീട് അവരെ ശ്രദ്ധിച്ചില്ല '' - താജുദ്ദീൻ പറഞ്ഞു.

രാവിലെ പ്രതിയുടെ ചിത്രം ഉൾപ്പെടെ വാർത്തകളിൽ കണ്ടപ്പോഴാണ് ഇന്നലെ കണ്ടയാളാണെന്ന് താജുദ്ദീൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാർക്കറ്റിന്റെ സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ബിഹാർ സ്വദേശി മജ്ജയ് കുമാർ - നീത ദമ്പതികളുടെ മകളായ കുട്ടിയെ ഇന്നലെ പകൽ മൂന്നോടെയാണ് ആലുവ തായിക്കാട്ടുകരയിലെ വീട്ടിൽനിന്ന് കാണാതായത്. രണ്ടു ദിവസം മുൻപായിരുന്നു പ്രതി അസ്ഫാക് ആലം ഇവരുടെ വീടിനു മുകളിലായി താമസത്തിനെത്തിയത്. മാതാപിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം