KERALA

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വഴിത്തിരിവ്; പ്രതി ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍

പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്നാണ് സഹോദരന്‍ പ്രശാന്തിന്റെ മൊഴി

വെബ് ഡെസ്ക്

സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചത് കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശ് ആണെന്ന് അന്വേഷണ സംഘം. പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് അന്വേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. അതിനുമുന്‍പ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നാണ് പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഒരാഴ്ച മുൻപ് പ്രശാന്തിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് തീയിട്ടത്.

പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെന്നാണ് പ്രശാന്തിന്റെ മൊഴി. ''അനിയനും സുഹൃത്തുകളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടത്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ അവന് ഭയമുണ്ടായിരുന്നു. അതിനുശേഷമാണ് താനാണ് തീയിട്ടതെന്ന് പ്രകാശ് പറഞ്ഞത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് സഹോദരന്‍. എന്നാല്‍ അവന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞപ്പോഴും ആരും കുടുംബത്തെ സഹായത്തിനെത്തിയില്ല'' -പ്രശാന്ത് പറഞ്ഞു.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശ്രമത്തിലെ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. സിപിഎം-സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന സന്ദീപാനന്ദ​ഗിരി, ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണവും ഭീഷണിയും ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു ആശ്രമത്തിനെതിരായ ആക്രമണം.

മുഖ്യമന്ത്രി അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും പ്രതികളെ ഉടൻ പിടികൂടുമെന്ന് പറയുകയും ചെയ്തിരുന്നു. സിറ്റി പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം നാല് വര്‍ഷം പിന്നിടുമ്പോഴാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ആശ്രമം കത്തിച്ചത് താനാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇതോടെ വിരാമമായെന്നുമാണ് സന്ദീപാന്ദഗിരിയുടെ പ്രതികരണം. പ്രതിയായ പ്രകാശ് മുന്‍പും ആശ്രമം ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും കൂടുതല്‍ പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം വെളിപ്പെടുത്തിയ പ്രശാന്തിന് സംരക്ഷണം ഒരുക്കണമെന്നും പ്രകാശിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു