വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ അടിമാലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബു രാജിനെ കോടതിയിൽ എത്തിച്ചു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെടുത്തുവെന്നാണ് കേസ്. മൂന്ന് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. കേസിൽ നേരത്തെ ബാബു രാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
നെല്ലിമറ്റം സ്വദേശി അരുൺ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മൂന്നാറിൽ റവന്യു നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് എടുത്ത ശേഷം കബളിപ്പിച്ചുവെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യലനായി ഉദ്യോഗസ്ഥരുടെ മുൻപ് നടൻ ഹാജരായിരുന്നു. മൂന്നാറില്‍ ആനവിരട്ടിക്ക് സമീപം കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 40 ലക്ഷം രൂപ അഡ്വാന്‍സായും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതുപ്രകാരം കരാറുണ്ടാക്കുകയും 40 ലക്ഷം രൂപ കൈമാറുകയും ചെയ്തു.
എന്നാൽ, ഇടപാട് നടന്നതിന് ശേഷം കോവിഡ് വന്നതിനെ തുടർന്ന് റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ പരാതിക്കാരന് കഴിഞ്ഞിരുന്നില്ല. തുടർന്ന് 2021ലാണ് റിസോർട്ട് തുറന്ന് പ്രവർത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയത്. ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ നൽകുമ്പോഴാണ് ഭൂമിയുടെ പട്ടയം സാധുവല്ലെന്ന് പരാതിക്കാരൻ തിരിച്ചറിയുന്നത്. വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ പളളിവാസൽ പഞ്ചായത്ത് നടപടി സ്വീകരിച്ചതായിരുന്നുവെന്നും ഇതിൽ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്നാണ് അരുൺ കുമാർ ബാബു രാജിനെതിരെ കേസ് കൊടുക്കുന്നത്.
കരാർ വ്യവസ്ഥകൾക്ക് വിപരീതമായി നിയമപരമായി പ്രശ്‌നങ്ങളുള്ളതിനാൽ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടൻ പണം തിരികെ നൽകാൻ തയ്യാറായില്ലെന്നും പരാതികാരൻ പറയുന്നു. തുടർന്ന് ഇടുക്കി എസ്പിയ്‌ക്ക് അരുൺ പരാതി നൽകുകയായിരുന്നു. കേസിന്റെ ഭാഗമായി അടിമാലി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദശത്തെ തുടർന്ന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്റ്റേഷനിലെത്തിയ നടനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വിവാദമായിരുന്നു.