മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസാണ് തിങ്കളാഴ്ച പുലർച്ചെ ബാലയെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. മുൻ ഭാര്യയുടെയും മകളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജുവനൈൽ ജസ്റ്റിസ് നിയമം ഉൾപ്പെടെയുള്ളവ ബാലയ്ക്ക് മേൽ ചുമത്തിയേക്കുമെന്നാണ് വിവരം.
സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ബാല ചെയ്തതായാണ് പരാതി. ബാലയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും മുൻ ഭാര്യയുമായുള്ള തർക്കം സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിരുന്നു. ഇരുവരുടെയും മകൾ ഒരു വീഡിയോയിലൂടെ നടത്തിയ പ്രതികരണമായിരുന്നു അടുത്തിടെയുള്ള വഴക്കുകൾക്ക് കാരണമായത്. അതേത്തുടർന്ന്, ബാലയും പിന്നീട് മുൻ ഭാര്യയും രംഗത്തുവന്നിരുന്നു.