അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ യാത്രയാക്കി ജന്മനാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു അന്ത്യ കര്‍മങ്ങള്‍. മാതാപിതാക്കള്‍ക്കരികിലാണ് ഇന്നസെന്റിനും അന്ത്യവിശ്രമം ഒരുക്കിയത്.
ഇന്നസെന്റിന്റെ വീട്ടില്‍നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. ദിലീപ്, കാവ്യാ മാധവന്‍, ഇടവേള ബാബു, ടോവിനോ തോമസ് അടക്കമുള്ള താരങ്ങളും നിരവധി സിനിമാ പ്രവര്‍ത്തകരും അന്ത്യയാത്രയെ അനുഗമിച്ചു. മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍, വി എന്‍ വാസവന്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ സംബന്ധിച്ചു. നിരവധി പേരാണ് അന്ത്യയാത്രയെ അനുഗമിച്ചത്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ കാണാന്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം ഒഴുകിയെത്തിയത്. എറണാകുളത്തും തൃശൂരിലും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വീട്ടിലും നടന്ന പൊതുദര്‍ശനത്തിന് അവസാനമായി പ്രിയപ്പെട്ട നടനെ കാണാന്‍ നിരവധി പേരെത്തി. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.