KERALA

ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം; സംസ്കാരം നാളെ

വെബ് ഡെസ്ക്

അന്തരിച്ച മുതിര്‍ന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് വിട നല്‍കാനൊരുങ്ങി കേരളം. ഇന്നലെ രാത്രി പത്തരയോടെ അന്തരിച്ച ഇന്നസെന്റിന്റെ മൃതദേഹം ഇന്ന് വിവിധയിടങ്ങളിലെ പൊതുദര്‍ശത്തിന് ശേഷം നാളെ സംസ്കരിക്കും. രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിക്ക് പൊതുദര്‍ശനം ആരംഭിച്ചു. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ നിന്നും നേരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവർ ഉൾപ്പെടെ ആയിരങ്ങളാണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്. കടവന്ത്രയിലെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ-രാഷ്ട്രീയ രംഗത്തുള്ളവർ ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്നസെന്റിന്റെ ഒപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ ചിരിപ്പിച്ച ജഗതി ശ്രീകുമാർ താരത്തിന്റെ വേർപാടിന് പിന്നാലെ 'മായില്ലൊരിക്കലും' എന്നും പ്രതികരിച്ചു.

1972- ല്‍ പുറത്തിറങ്ങിയ നൃത്തശാലയിലൂടെ സിനിമയില്‍ അരങ്ങേറിയ ഇന്നസെന്റ്, നടന്‍ എന്നതിന് പുറമെ നിര്‍മാതാവെന്ന നിലയിലും ശ്രദ്ധ നേടി. 1980 മുതല്‍ മലയാള സിനിമയുടെ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു ഇന്നസെന്റ്. തുടര്‍ന്നുള്ള നാല് പതിറ്റാണ്ടിനിടെ അര്‍ബുദ രോഗ ചികിത്സയ്ക്കായി മാറിനിന്ന 2020 ല്‍ മാത്രമാണ് ഇന്നസെന്റില്ലാത്ത സിനിമകൾ മലയാളത്തിലിറങ്ങിയത്.

തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മറ്റ് നടന്‍മാരില്‍നിന്ന് വ്യത്യസ്തനാക്കി. ഹാസ്യനടന്‍, സ്വഭാവനടന്‍ എന്നീ നിലകളില്‍ മികവ് തെളിയിച്ച അദ്ദേഹം വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 750 തില്‍ അധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഇന്നസെന്റ് നിറഞ്ഞാടി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

സിനിമയ്ക്ക് പുറമെ വ്യവസായി, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇന്നസെന്റ്. 1979 - 1982 കാലത്ത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 1970 കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്ന് പതിറ്റാണ്ടിന് ശേഷമായിരുന്നു രാഷ്ട്രീയരംഗത്തേയ്ക്കുള്ള മടങ്ങിവരവ്. 2006 ല്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് 2014 മേയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടത് പിന്തുണയോടെ വിജയം. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്