KERALA

'പാപം ചെയ്യാത്തവർ പാപികളെ കല്ലെറിയട്ടെ;' ലൈംഗികാതിക്രമ പരാതികൾ വ്യാജം, നിരപരാധിയെന്ന് ജയസൂര്യ

ചില അത്യാവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് അമേരിക്കയിൽ തങ്ങുന്നതെന്നും ഉടൻ തിരിച്ചുവരുമെന്നും ജയസൂര്യ പറഞ്ഞു

വെബ് ഡെസ്ക്

തനിക്കെതിരായ എല്ലാ ലൈംഗികാരോപണ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നത് വേദനാജനകമാണ്. തന്റെ ജന്മദിനമായ ഞായറാഴ്ച, സമൂഹമാധ്യമങ്ങളിലൂടെയാണ് ജയസൂര്യ കുറിപ്പ് പുറത്തുവിട്ടത്. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിൾ വചനവും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു.

ചില അത്യാവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് അമേരിക്കയിൽ തങ്ങുന്നതെന്നും ഉടൻ തിരിച്ചുവരുമെന്നും ജയസൂര്യ പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനും അഗാധമായ ദുഖമാണ് വ്യാജ പരാതിമൂലം ഉണ്ടായത്. നാട്ടിൽ വന്നാൽ ഉടൻ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം തുടങ്ങുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

രണ്ടു ലൈംഗികാതിക്രമ കേസുകളാണ് ജയസൂര്യയ്‌ക്കെതിരെ നിലവിലുള്ളത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് ജയസൂര്യ കടന്നുപിടിച്ചെന്ന പരാതിയിലാണ് ആദ്യത്തെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കഴിഞ്ഞദിവസം കേസെടുത്തത്. മറ്റൊന്ന് തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയാണ്. അതിൽ കരമന പോലീസ് കേസെടുത്ത ശേഷം തൊടുപുഴ പോലീസിന് കൈമാറിയിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

ഇന്ന് എൻ്റെ ജന്മദിനം.

ആശംസകൾ നേർന്ന് സ്നേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി.

വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എൻ്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിറുത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ദരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലു. ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും. നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്.

ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൽ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മറിനം ഏറ്റവും ദുഃഖപൂർണ്ണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.

'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. പാപികളുടെ നേരെ മാത്രം."

ജയസൂര്യ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി