കോൺഗ്രസ് വഴിതടയലുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റീസ് എ.എ.സിയാദ് റഹ്മാൻ വക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയതുമടക്കമുള്ള കുറ്റങ്ങൾ കോടതി റദ്ദാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുൻ മേയർ ടോണി ചമ്മണിയടക്കം എട്ടു കോൺഗ്രസ് നേതാക്കളാണ് കോടതിയെ സമീപിച്ചത്. കേസ് തുടരാൻ താൽപ്പര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലന്നും വ്യക്തമാക്കി ജോജു സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ പരാതി പിൻവലിച്ചാലും, പൊതുവഴി തടഞ്ഞതിനും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇന്ധന വിലവർധനയ്‌ക്കെതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന സമരം അക്രമത്തിൽ കലാശിക്കുകയായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി-വൈറ്റില -അരൂർ ബൈപാസിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വഴിതടയൽ സമരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നടൻ ജോജു ജോർജ് പാർട്ടിപ്രവർത്തകരുടെ സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.
സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാനെത്തിയ ജോജു യാത്രക്കാരുടെ പ്രേശ്നത്തിൽ ഇടപെടുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങി സമരക്കാരുടെ അടുത്തെത്തിയതോടെ വാക്കുതർക്കം ഉണ്ടായി. ഗതാഗത കുരുക്കിൽ പെട്ട് ബുദ്ധിമുട്ടുണ്ടായ ജനങ്ങൾ ജോജുവിനൊപ്പം ചേർന്നു. ജോജുവിന്റെ വാഹനം തകർത്തതിനും അദ്ദേഹത്തെ അക്രമിച്ചതിനും കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു.