കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഏക മാര്‍ഗം അടൂര്‍ ഗോപാലകൃഷ്ണന്‍ ആ സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സ്ഥാനം ഒഴിയുന്നതിനൊപ്പം തന്റെ ആത്മ സുഹൃത്തിന്റെ മകനും ഡയറക്ടറുമായ ശങ്കര്‍ മോഹനനേയും ഒപ്പം കൂട്ടാനുമാണ് ജോയ് മാത്യു ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിൻ്റെ പ്രതികരണം.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളോടൊപ്പമാണ് എന്ന കപട നാട്യവുമായി വിദ്യാര്‍ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന സർക്കാർ അടൂരിനേയോ ശങ്കർ മോഹനേയോ പുറത്താക്കുമെന്ന് സ്വപ്നം കാണേണ്ടെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത് മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക. കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക -നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുക .
വിദ്യാർത്ഥികളോട് പറയാനുള്ളത് :
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ട.എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ്
#solidarity
വാലിന്റെ തുമ്പ് :
പണ്ട് "മുഖാമുഖം "എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്.
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ പുതിയ ഡയറക്ടര്‍ സ്ഥാപനത്തിലെ ജോലിക്കാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായും കടുത്ത ജാതി വിവേചനം കാണിക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. ഡയറക്ടറുടെ മാനസിക പീഡനങ്ങളും ജാതി വിവേചനവും അതിരു കടന്നതോടെ ജീവനക്കാര്‍ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.
അടുത്തിടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന പരാതിയില്‍ ദലിത് അപേക്ഷാര്‍ഥി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിച്ചുവെന്നല്ലാതെ നടപടി ഉണ്ടായിരുന്നില്ല.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ജാതി വിവേചനം നടത്തിയിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. ഇതോടെ അടൂര്‍ ഗോപാലകൃഷണനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത് .