ലൈംഗിക പീഡന പരാതിയിൽ എംഎൽഎയും നടനുമായ എം മുകേഷ് അറസ്റ്റില്‍. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു. കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിനു ഐപിസി 354, 354 (എ) എന്നീ വകുപ്പുകളും ലൈംഗിക ചുവയുള്ള വാക്കുകളും ചേഷ്ടകളുമുപയോഗിച്ചതിനു ഐപിസി 509 പ്രകാരവുമാണ് കേസെടുത്തത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നീ നാല് നടന്മാരുൾപ്പെടെ ഏഴുപേർക്കെതിരെയാണ് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.
അതിനിടെ, ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവനടി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ബലാത്സംഗക്കുറ്റം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് നടനെതിരെ കേസെടുത്തത്. സിദ്ധിഖിനെതിരായ ചില തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് സി എസ് ഡയസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ നടന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. അതേസമയം, സിദ്ദിഖ് രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ അന്വേഷണസംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറിക്കിയതായും റിപ്പോര്‍ട്ടുണ്ട്. ലൈംഗിക പീഡന പരാതിയെത്തുടര്‍ന്നാണ് സിദ്ദിഖ് അമ്മ സംഘടനയുടെ ജനറള്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.