KERALA

ദിലീപുമായി അടുത്ത ബന്ധം; നടിയെ ആക്രമിച്ച കേസിലെ അമിക്കസ് ക്യൂരിയെ മാറ്റും

കേസിലെ എട്ടാം പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുള്ള ആളാണ് രഞ്ജിത്ത് മാരാരെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അമിക്കസ് ക്യൂരിയായി നിയമിച്ച അഭിഭാഷകൻ രഞ്ജിത്ത് മാരാരെ മാറ്റാൻ തീരുമാനം. തന്നെ അമിക്കസ് ക്യൂരി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തന്നെ അപേക്ഷ നൽകിയിരുന്നു. കേസുമായി സഹകരിക്കാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടന്നായിരുന്നു രഞ്ജിത്ത് മാരാർ കോടതിയെ ബോധിപ്പിച്ചത്. കേസിലെ എട്ടാം പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുള്ള ആളാണ് രഞ്ജിത്ത് മാരാരെന്നും പ്രോസിക്യൂഷനും കോടതിയിൽ ചൂണ്ടിക്കാട്ടി.

തനിക്കെതിരായ അതിക്രമ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയില്‍ തിങ്കളാഴ്ചയാണ് ജസ്റ്റിസ് കെ ബാബു അമിക്കസ് ക്യൂരിയെ നിയമിച്ചത്.

എഫ്എസ്എൽ റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്ർറെ ഹാഷ് വാല്യു മാറിയിട്ടുണ്ടന്നും നടി കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം. നടിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. വിചാരണക്കോടതി ക്യത്യമായി ഇടപെട്ടിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെ തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. ഇതേ തുടർന്നാണ് 2021 ജൂലൈ 19ന് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്. പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ കംപ്യൂട്ടറിലിട്ട് പരിശോധിക്കുന്നതിന് പകരം മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ സംശയമുണ്ട്. പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്.

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ, 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും രാത്രിയിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, അതിജീവിതയുടെ ഹർജിയിലെ വാദം നിർത്തിവയ്ക്കണമെന്ന് എട്ടാം പ്രതി ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാനഘട്ടത്തിലാണ്. അതിനാൽ കീഴ്കോടതിയിൽ വിസ്താരം പൂർത്തിയാകുന്നത് വരെ വാദം നിർത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹർജി പരിഗണിക്കാവൂ എന്ന് ആവശ്യമുന്നയിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം