നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിക്കും. തുടർ വിസ്താരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികളാണ് വിചാരണക്കോടതി ഇന്ന് പരിഗണിയ്ക്കുക. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർവിസ്താരം നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം ഹർജി നൽകിയിട്ടുണ്ട്.
സിബിഐ കോടതിക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല ഹൈക്കോടതി കൈമാറിയത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. നിലവില്‍ കേസിലെ വിചാരണ നടത്തുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് കേസ് രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ കേസ് നടത്തിപ്പും എറണാകുളം സിബിഐ കോടതി മൂന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം കേൾക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. അതേസമയം, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയടക്കം സുനിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം വേണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.