നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സെഷന്‍സ് കോടതി ജഡ്ജിയാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് കോടതി ഉത്തരവിലൂടെ തനിക്ക് കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് മനസിലാക്കുന്നു. അതിനാല്‍ മൊഴിപ്പകര്‍പ്പ് കൂടി അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
രഹസ്യമായും തന്നെ പങ്കെടുപ്പിക്കാതെയുമാണ് അന്വേഷണം നടത്തിയത്. അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. മെമ്മറി കാര്‍ഡ് പരിശോധനയുടെ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ദിലീപിനെ കക്ഷി ചേര്‍ത്ത നടപടി പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിരുന്നു.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. അതുപോലെ, കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത് എന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
നേരത്തെ, കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല.