കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ ഘട്ടത്തിൽ ജാമ്യമനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
പൾസർ സുനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നടൻ ദിലീപടക്കം പ്രതിയായ കേസിൽ യുവനടിക്കെതിരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് കോടതി ജാമ്യാപേക്ഷയുടെ വാദത്തിനിടെ ചൂണ്ടികാട്ടിയിരുന്നു. നടിയുടെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പൾസർ സുനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യ ഹർജി നൽകിയത്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സാക്ഷി വിസ്താരമടക്കമുള്ള കാര്യങ്ങളുള്ളതുകൊണ്ടാണ് വിചാരണ നീളുന്നതെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23ന് അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി സുപ്രീം കോടതിയിലടക്കം നൽകിയ ജാമ്യ ഹർജികൾ തള്ളിയിരുന്നു.