നടി മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് മോളിയെ ഫോർട്ട്‌കൊച്ചി ചുള്ളിക്കലുള്ള ഗൗദം ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചത്. മൂന്ന് ദിവസം മുൻപ് ശ്വാസം ലഭിക്കാതെ കണ്ണമാലിയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയമിടിപ്പിലും കാര്യമായ കുറവ് കണ്ടതോടെ കൂടുതൽ പരിശോധനകൾക്കായി ഐസിയുവിലേയ്ക്ക് മാറ്റി.
ശ്വാസതടസം ഉള്ളതിനാൽ നിശ്ചിത സമയത്തിനുമേൽ വെന്റിലേറ്ററിൽ തുടരാനും കഴിയുന്നില്ല. ഓക്സിജൻ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ തുടരുന്നത്. ശ്വാസതടസ്സത്തിന് പിന്നാലെ ന്യൂമോണിയ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 6 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശമെന്ന് മകന്‍ ജോളി പറയുന്നു.
"മൂന്ന് ദിവസം മുൻപാണ് അമ്മച്ചിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു. സീരിയസ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൊണ്ടുവന്നതിൽ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഐസിയുവിൽ വെന്റിലേറ്ററിൽ തന്നെയാണ്. ഓക്സിജനും കൊടുത്തിട്ടുണ്ട്. ഓക്സിജൻ മാറ്റുമ്പോൾ ശ്വാസമെടുക്കാൻ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ട്. ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്", മകന്‍ പറയുന്നു.
കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി
സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാമെന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. 'ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ' ജോളി കൂട്ടിച്ചേർത്തു.
മോളിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ആക്റ്റിവിസ്റ്റ് ദിയ സന ഉള്‍പ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.