KERALA

നടിയെ ആക്രമിച്ച കേസ്: വിചാരണ ജൂലൈ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി, നീട്ടിക്കൊണ്ടുപോകുന്നത് ദിലീപ് എന്ന് സർക്കാർ

കേസ് പുരോഗതി സംബന്ധിച്ച് എല്ലാതവണയും ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണക്കോടതി ജഡ്ജി അയയ്ക്കുന്നതെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസ് പുരോഗതി സംബന്ധിച്ച് എല്ലാതവണയും ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണക്കോടതി ജഡ്ജി അയയ്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ റിപ്പോര്‍ട്ടിലും മൂന്ന് മാസം സാവകാശം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് നീട്ടിക്കൊണ്ടുപോകുന്നത് ദിലീപിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍ ചൂണ്ടിക്കാട്ടി.

ഇരുപത്തിനാലര ദിവസമായി ദിലീപിന്റെ അഭിഭാഷകന്‍ ബാലചന്ദ്രകുമാറിനെ ക്രോസ് വിസ്താരം നടത്തുകയാണെന്ന് വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. അഞ്ച് ദിവസം കൂടി വിസ്താരത്തിനായി അവര്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈനില്‍ വിസ്താരം നടക്കുന്നതിനാലുള്ള സാങ്കേതിക തകരാറാണ് കാലതാമസം നേരിടാനിടയാക്കിയതെന്ന് ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി സുപ്രീംകോടതി നീട്ടി നല്‍കിയത്. വിചാരണക്കോടതി ജഡ്ജി യന്ത്രമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിചാരണയ്ക്കുള്ള സമയം നാല് തവണ നീട്ടിയെന്നും, ഇപ്പോള്‍ തന്നെ വിചാരണ നടപടികള്‍ മൂന്ന് വര്‍ഷം പിന്നിട്ടെന്നും ഫെബ്രുവരിയില്‍ കേസ് പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ വൈകിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് നേരത്തെ ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. മതിയായ നടപടി കൈക്കൊള്ളണമെന്ന് വിചാരണ കോടതിയോട് നിര്‍ദേശിച്ചതോടെയാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 44 സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള വഴിയൊരുങ്ങിയത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ സാക്ഷി വിസ്താരം നടക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ