ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം സൈബിയുടെ രാജി അംഗീകരിച്ചു. അസോസിയേഷൻ ഭാരവാഹിയായതിനെ തുടർന്നാണ് തനിക്കെതിരെയുള്ള ദൗഭാഗ്യകരമായ ആരോപണങ്ങളുയർന്നതെന്നും അസോസിയേഷനിലെ ചില അഭിഭാഷകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും സൈബി സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. സോഷ്യൽ മീഡിയവഴി തനിക്കെതിരെ വലിയ പ്രചരണം നടത്തി. ഹൈക്കോടതിയിൽ ഇത് പ്രചരിപ്പിച്ചതിനെ തുടർന്ന് ജഡ്ജിയുടെ ശ്രദ്ധയിൽപെടുകയും പിന്നീട് പരാതി ഉന്നയിക്കുകയുമാണുണ്ടായത്. പരാതിയെ തുടർന്ന് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുകയാണെന്നും കത്തിൽ പറയുന്നു.
ഹർജി ഫയലിൽ സ്വീകരിക്കാതെ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി വീണ്ടും ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്
കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ തനിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഹർജി ഫയലിൽ സ്വീകരിക്കാതെ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി വീണ്ടും ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയതിന് അഴിമതി നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനാക്കുറ്റവുമാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയെന്നതടക്കം ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹർജിയുമായി സൈബി കോടതിയെ സമീപിച്ചത്.
ഒരു വിഭാഗം അഭിഭാഷകരുടെ വ്യക്തി വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ആരോപണം സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നും സൈബി ആവശ്യപ്പെട്ടിരുന്നു. കേസ് റദ്ദാക്കാൻ ഇത്ര തിടുക്കം കാട്ടുന്നതെന്തിനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചിരുന്നു. അഭിഭാഷക സമൂഹത്തിന് മേലുള്ള സംശയങ്ങൾ നീക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ നിയമ സാധുത പരിശോധിച്ച് അപ്പോൾ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സൈബി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.