പത്തനംതിട്ട സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നൗഷാദിന്റെ ഭാര്യ അഫ്‌സാന. പോലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയതെന്ന് അഫ്‌സാന പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പോലീസ് മര്‍ദിച്ചെന്ന് അഫ്സാന ആരോപിച്ചു. വനിതാ പോലീസടക്കം പല ഉദ്യോഗസ്ഥരും മര്‍ദിച്ചു.
മുഖത്തും ശരീരത്തും പോലീസ് മര്‍ദിച്ചതിന്റെ പാടുകളാണെന്നും കൂടല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പെപ്പര്‍ സ്‌പ്രെ കൊണ്ടടക്കം ഉപദ്രവിച്ചെന്നും അഫ്‌സാന ആരോപിച്ചു. ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. നിരന്തരം ഉപദ്രവിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് മാത്രമാണ് എല്ലാം ചെയ്തത്. പോലീസിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് തീരുമാനമെന്നും അഫ്സാന പറഞ്ഞു.
നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
''വഴക്കിട്ട് മാറി നില്‍ക്കുന്ന സ്വഭാവം നൗഷാദിനുണ്ടെങ്കിലും ഒരാഴ്ച അല്ലെങ്കില്‍ ഒരു മാസം കഴിയുമ്പോള്‍ നൗഷാദ് തിരിച്ചുവരാറുണ്ട്. അങ്ങനെ പോയതാണെന്നാണ് കരുതിയത്. പിന്നീടാണ് എന്റെ പേരില്‍ നൗഷാദിന്റെ മിസ്സിങ് കേസ് വന്നിട്ടുണ്ടെന്ന് അറിയുന്നത്.'' അഫ്സാന പറഞ്ഞു.
നൗഷാദ് വീട് വിട്ടുപോകാൻ എന്താണ് കാരണമെന്ന് അറിയില്ല, അവസാനമായി വീട്ടില്‍ വഴക്ക് നടക്കുമ്പോള്‍ വീട്ടില്‍ മക്കളും അഫ്‌സാനയും നൗഷാദും മാത്രമായിരുന്നു. അഫ്‌സാനയും സുഹൃത്തും ചേര്‍ന്ന് നൗഷാദിനെ മര്‍ദിച്ചുവെന്ന് പറയുന്നത് കള്ളമാണെന്നും അത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അഫ്‌സാന പറഞ്ഞു.
'നൗഷാദിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് തന്നെ മര്‍ദിക്കുമായിരുന്നു . ഇക്കാര്യങ്ങളെല്ലാം നൗഷാദിന്റെ മാതാപിതാക്കള്‍ക്ക് അറിയുന്ന കാര്യമാണ്. ചില സമയങ്ങളില്‍ എങ്ങനെയാണ് നൗഷാദ് പ്രതികരിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. ഒരു ഘട്ടത്തില്‍ എന്നെ ഭിത്തിയില്‍ കൊണ്ടിടിച്ചിട്ടുണ്ട്. ഇളയ കുഞ്ഞിനെ ചവിട്ടി എറിഞ്ഞിട്ടുണ്ട്.' അഫ്‌സാന പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുന്നത്. അന്ന് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കെയാണ് നൗഷാദിനെ പോലീസ് ജീവനോടെ കണ്ടെത്തിയത്.