KERALA

വിദ്യക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് അധ്യാപകർ; മഹാരാജാസിൽ അഗളി പോലീസിന്റെ തെളിവെടുപ്പ്

ദ ഫോർത്ത് - കൊച്ചി

വ്യാജരേഖയുണ്ടാക്കി മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ ഗസ്‌റ്റ് ലക്‌ചറർ ജോലി നേടിയെന്ന കേസിൽ അഗളി പോലീസ് എറണാകുളം മഹാരാജാസിലെത്തി. അഗളി ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം കോളേജിലെത്തി വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപെടുത്തി. ഇത്തരത്തിലൊരു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും കോളേജിൽ നിന്ന് വിദ്യയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ മൊഴി നൽകി. മറ്റ് അധ്യാപകരുടെയും മൊഴി പോലീസ് രേഖപെടുത്തി. കോളേജ് അധികൃതർ അന്വേഷണവുമായി പൂർണമായും സഹകരിച്ചെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. അഗളി ഗവ. കോളജിൽ അഗളി സിഐയുടെ നേത്യത്വത്തിലുള്ള സംഘവും പരിശോധന നടത്തി.

അഗളി ഗവ. കോളജിലെ പരിശോധന

സർട്ടിഫിക്കറ്റിലുള്ള തീയതി കോളേജിലെ പ്രവൃത്തി ദിവസമല്ല. വിദ്യ ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിച്ചിരുന്നു. ആ സമയത്ത് കോളേജിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പിനോടും സീലിനോടും സാമ്യമുള്ളതാണ് വ്യാജ സർട്ടിഫിക്കറ്റിലേത്. സർട്ടിഫിക്കറ്റിലെ ലോഗോയിൽ വ്യത്യാസമുണ്ടെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളേജിലെ മലയാളം ഗസ്റ്റ് ലക്‌ചറർ തസ്തികയിലേക്ക് നിയമനം ലഭിക്കാൻ മഹാരാജാസ് കോളേജിൽ നിന്നുള്ള വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിൽ 2018 - 2019, 2020 - 2021 അധ്യയന വർഷങ്ങളിൽ ഗസ്റ്റ് അധ്യാപികയായി ജോലി നോക്കിയിരുന്നെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്.

മഹാരാജാസ് കോളേജിന്റെ ലെറ്റർപാഡിൽ തയ്യാറാക്കിയ സർട്ടിഫിക്കറ്റിൽ കോളേജിന്റെ സീലും മുദ്രയുമൊക്കെയുണ്ടായിരുന്നു. സംശയം തോന്നിയ പാലക്കാട് അട്ടപ്പാടി കോളേജ് അധികൃതർ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് മഹാരാജാസ് കോളേജിലെ ഗ്രേഡ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. പിന്നീട് അഗളി പോലീസിന് കേസ് കൈമാറുകയായിരുന്നു.

ഇതിനിടെ കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. വ്യാജ രേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലാത്തതിനാല്‍ പോലീസ് ചുമത്തിയിരിക്കുന്ന ജാമ്യമില്ലാക്കുറ്റമായ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 468 നിലനില്‍ക്കില്ലെന്നാണ് വിദ്യ കേടതിയെ അറിയിച്ചത്.

വ്യാജരേഖ ചമയ്ക്കല്‍ (വകുപ്പ് 465), വ്യാജ രേഖ ഉപയോഗിച്ച് വഞ്ചനയ്ക്ക് ശ്രമിക്കല്‍ (വകുപ്പ് 471) എന്നിവ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണെന്നും സീനിയര്‍ അഭിഭാഷകന്‍ പി വിജയ ഭാനു വഴി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. 27 വയസ്സ് മാത്രമുള്ള അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് മുന്നോട്ടുള്ള ജീവിത്തെ ബാധിക്കുമെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമാണ് വിദ്യയുടെ വാദം. ഇതിൽ പോലീസിനോട് കോടതി വിശദീകരണം തേടിയിരിക്കുകയാണ്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി