സംസ്ഥാനത്തെ നിരത്തുകൾ ഇനി എ ഐ ക്യാമറ നിരീക്ഷണത്തിൽ. രാവിലെ എട്ട് മണി മുതല്‍ എല്ലാ നിയമലംഘനങ്ങള്‍ക്കും എഐ ക്യാമറയില്‍ പിടിവീണ് തുടങ്ങി, പിന്നാലെ പിഴയും. ഹെല്‍മെറ്റ് വയ്ക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം തുടങ്ങി ഏഴിനം നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. സംസ്ഥാനത്തെ നിരത്തുകളിൽ 726 എഐ ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.
ഒരുദിവസം 25,000 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന തരത്തിലാണ് നിലവിലെ സജ്ജീകരണം. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നു. രാവിലെ മുതല്‍ തന്നെ നിയമലംഘകര്‍ക്ക് ചെലാന്‍ അയയ്ക്കുന്നത് ആരംഭിക്കും. പരാതിയുണ്ടെങ്കില്‍ പിഴയ്‌ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്.
രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങും. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് സ്വീകരിക്കുന്നത്. പിന്നീട് ഇത് സംസ്ഥാനങ്ങള്‍ക്കു കൈമാറും. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക.
ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ കുട്ടികള്‍ക്ക് കൂടി യാത്രാ സംവിധാനം ലഭ്യമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ കേരളം ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. നാല് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൂടി ഹെല്‍മെറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ യാത്ര സംബന്ധിച്ച് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ഔദ്യോഗിക മറുപടി ലഭിക്കുന്ന ഘട്ടത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.