കെ സുധാകരന്‍ 
KERALA

'കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ പ്രതി'; എകെജി സെന്റര്‍ ആക്രമണ കേസില്‍ സിപിഎമ്മിനെതിരെ കെ സുധാകരന്‍

വെബ് ഡെസ്ക്

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങള്‍ വിഢികളാണെന്ന് കരുതരുത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ അതിനെ നേരിടും. ഇത്തരം നീക്കങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കില്ല, അത്തരത്തില്‍ ഉണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം എന്നത് ഒരു കെട്ടുകഥയാണ്. സ്‌ഫോടനം നടന്ന സമയത്ത് ഇപി ജയരാജന്‍ ഓടിവന്നത് മുതല്‍ ആ കെട്ടുകഥ ആരംഭിക്കുന്നു. കണ്ടത് പോലെയാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള ശ്രീമതി ടീച്ചറുടെതുള്‍പ്പെടെ പ്രതികരണം തീര്‍ത്തും അപക്വമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു. ഇത് വെളളരിക്ക പട്ടണമല്ല, സിപിഎം ഈ ശൈലി അവസാനിപ്പിക്കണം. രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 30ന് അര്‍ധരാത്രിയോടെയായിരുന്നു തിരുവനന്തപുരത്തെ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്ന തരത്തില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസുകാരനാണ് ആക്രമണത്തിന് പിന്നില്‍. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോഴും ഇയാള്‍ അവിടെ ഉണ്ടായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ മറുപടി.

ജൂണ്‍ 30ന് അര്‍ധരാത്രിയോടെയായിരുന്നു തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ വ്യക്തി സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങള്‍പുറത്ത് വന്നെങ്കിലും ഇയാളെ കണ്ടെത്താന്‍ പോലീസിനായില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നിട്ട് പോയിരുന്നില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?