എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഒന്നിലധികം പേരെന്ന് സൂചന. ബോംബ് എറിഞ്ഞ ആൾക്ക് മറ്റൊരാളുടെ സഹായം കിട്ടിയിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പെ, മറ്റൊരു സ്‌കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ പ്രതിക്ക് കൈമാറുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവം നടന്ന്, 36 മണിക്കൂറിലധികം പിന്നിടുമ്പോഴാണ് പൊലീസിനു നിര്‍ണായക സൂചന ലഭിക്കുന്നത്.
പല സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും വാഹന നമ്പര്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബോംബെറിഞ്ഞ പ്രതി, സംഭവത്തിനുശേഷം കോളേജ് ജംഗ്ഷന്‍ കഴിഞ്ഞ് മുന്നോട്ടാണ് പോയത്. എന്നാൽ, പല സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും വാഹന നമ്പര്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്‌ഫോടക വസ്തു ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ള ആളാണ് അക്രമിയെന്നാണ് പൊലീസ് നിഗമനം. അത്തരം വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടെ, പ്രകോപനപരമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട ചിലരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് അക്രമവുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. രാവിലെ, എകെജി സെന്ററിനുനേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ കസ്റ്റഡിലെടുത്തിരുന്നു. അന്തിയൂര്‍കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അക്രമത്തിൽ ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ, ഇയാളെ വിട്ടയച്ചിരുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സൈബര്‍ പൊലീസ് ഉള്‍പ്പെടെ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ ദിനിലാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് ശ്യാംലാലും സംഘത്തിലുണ്ട്. എകെജി സെന്ററും പരിസരവും ഉള്‍പ്പെടുന്ന ടെലിഫോണ്‍ ടവറിനു കീഴില്‍, സംഭവ സമയത്തുണ്ടായ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്.