KERALA

'സവര്‍ണതയുടെ തട്ട് താണ് തന്നെ ഇരിക്കും'; അട്ടപ്പാടി മധുവിനെതിരായ അഖിൽ മാരാരുടെ ബിഗ് ബോസ് അധിക്ഷേപത്തിനെതിരെ വിമർശനം

ദ ഫോർത്ത് - കൊച്ചി

ഭക്ഷണം മോഷ്ടിക്കാൻ നീയാര്, മധുവോ? ആദിവാസി യുവാവ് മധുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ ബി​ഗ് ബോസ് മത്സരാർഥി അഖിൽ മാരാർക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീ‍‍‍ഡിയ. മത്സരത്തിന്റെ ഭാ​ഗമായി സിനിമാ താരങ്ങളെ അനുകരിക്കുന്ന ടാസ്കിലായിരുന്നു അഖിൽ മാരാരുടെ വിവാദ പരാമർശം.

'നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്? നീയാരാ മധുവോ? ബാക്കിയുളള സാധനങ്ങൾ മോഷ്ടിക്കെടാ, ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചാൽ അവസാനം മധുവിന്റെ അവസ്ഥ വരും'. മീശമാധവന്റെ വേഷത്തിൽ നിൽക്കുന്ന എതിർ മത്സരാർഥി സാ​ഗർ സൂര്യയോടായിരുന്നു തമാശ രൂപേണയുളള അഖിൽ മാരാരുടെ പ്രതികരണം. ഇതുകേട്ട് മറ്റ് മത്സരാർഥികൾ ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

ആൾക്കൂട്ട കൊലപാതകത്തെ നിസ്സാരവത്കരിച്ചുകൊണ്ട് മധുവിനെതിരെ അഖിൽ മാരാർ നടത്തിയ അധിക്ഷേപകരമായ തമാശയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാരാർ ഇരിക്കുന്ന തട്ടിന്റെ ജീർണത ഇത്ര പെട്ടെന്ന് അയാൾ തന്നെ കാട്ടിത്തരുമെന്ന് കരുതിയില്ല, എന്തോ വലിയ തമാശ എന്ന രീതിയിലാണ് അഖിൽ മാരാരുടെ പ്രതികരണമെന്ന് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെ,

'ഒരു നേരത്തെ അന്നം എടുത്തതിന്റെ പേരിൽ ജാതി കേരളം ആൾക്കൂട്ട കൊലപാതകത്തിന് ഇരയാക്കിയ മധുവിനെ തമാശയ്ക്കുള്ള വകയാക്കിയത് അയാൾക്കുള്ളിലെ സവർണതയാണ്. ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരുമെന്ന പറച്ചിലിൽ അയാളുടെ രാഷ്ട്രീയം ആർക്കൊപ്പമാണെന്നതും വ്യക്തമാണ്. തന്നെ പോലെ കഴിവില്ലാതിരുന്നിട്ടും മോശം സിനിമകളെ ഉൾപ്പെടെ പൊക്കിപ്പിടിച്ച് സൂപ്പർ താരങ്ങളുടെ മൂഡ് താങ്ങി ബിഗ് ബോസ് വരെ എത്താനുള്ള മൂലധനം സൃഷ്ടിച്ച മനുഷ്യനേക്കാൾ എന്തുകൊണ്ടും അഭിമാനവും ആദരവും അർഹിക്കുന്നുണ്ട് മധുവിനെ പോലെയുള്ള മനുഷ്യർ.'

കടകളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചതിന്റെ പേരില്‍ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന് വേണ്ടി കേരളം മുഴുവന്‍ സംസാരിക്കുമ്പോൾ സവർണതയുടെ വിവരക്കേടിൽ നിൽക്കുകയാണ് അഖിൽ മാരാരെന്നും സോഷ്യൽ മീഡിയ. ഇത്തരം സവർണ ചിന്താഗതി പേറുന്ന മാരാരെ പോലൊരാൾക്ക് എതിരെ മിണ്ടാൻ കഴിവുളള ഒരു മത്സരാർഥി പോലും ഇത്തവണ ഇല്ലാതെ പോയത് ബി​ഗ് ബോസ് എന്ന ഷോയുടെ വലിയ പരാജയമാണെന്നും പ്രതികരണങ്ങളിൽ പറയുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്