ഞങ്ങൾക്ക് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാനും പഠിക്കാനും ഒക്കെയായി ഒരു വലിയ ടി വി തരാമോ? ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയോട് നൂറനാട് ചിൽഡ്രൻസ് ഹോമിലെ കുരുന്നുകൾ ഈ ചോദ്യം ചോദിച്ചിട്ട് അധികം ദിവസമായിട്ടില്ല. തൊട്ടടുത്ത ദിവസം തന്നെ ടി വി എത്തി. കുട്ടികൾ ആവശ്യപ്പെട്ടതുപോലെ 'വലിയ ടി വി'.
ഈ സന്തോഷം കളക്ടർ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. ചുവരിൽ ഘടിപ്പിച്ച എൽസിഡി ടിവിയിൽ ലാലേട്ടന്റെ സിനിമ കാണുന്ന കുരുന്നുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഐ ആം ഫോർ ആലപ്പി'യുടെ സഹായത്തോടെയാണ് ടിവി എത്തിച്ചത്. പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹ മാധ്യമ കൂട്ടായ്മയാണ് 'ഐ ആം ഫോർ ആലപ്പി'. ബാങ്ക് അധികൃതർക്കും സമൂഹമാധ്യമ കൂട്ടായ്മയ്ക്കും കളക്ടർ നന്ദി അറിയിച്ചു. 'എന്റെ കുഞ്ഞുമക്കൾ എല്ലാവരും നന്നായി വളരണം കേട്ടോ' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
ഞങ്ങൾക്ക് ലാലേട്ടന്റെയും മമ്മൂക്കയുടേയും സിനിമ കാണാനും പഠിക്കാനും ഒക്കെയായി ഒരു വലിയ ടി.വി തരാമോ??
കഴിഞ്ഞ ദിവസം ഞാൻ നൂറനാട് ചിൽഡ്രൻസ് ഹോമിൽ പോയപ്പോ അവിടുത്തെ കുഞ്ഞ് മക്കൾ എന്നോട് ചോദിച്ചതാണ്. എത്രയും വേഗം ടി.വി താരമെന്ന ഉറപ്പ് നൽകിയാണ് ഞാൻ അന്ന് മടങ്ങിയത്.
ഇന്ന് ആ മക്കൾക്ക് അവർ ചോദിച്ചത് പോലെ "ഒരു വലിയ ടി.വി"എത്തിച്ചു നൽകി. ബാങ്ക് ഓഫ് ബറോഡയുടെ സി.എസ്.ആർ. പ്രവർത്തനങ്ങളുടെ ഭാഗമായി ഐആം ഫോർ ആലപ്പി വഴിയാണ് ഈ മക്കൾക്ക് ടി.വി. നൽകിയത്. ഇതിനായി സഹായിച്ച ബാങ്ക് അധികൃതർക്ക് എൻറെ എല്ലാവിധ നന്ദിയും.
എൻറെ കുഞ്ഞു മക്കൾ എല്ലാവരും നന്നായി വളരണം കേട്ടോ. ഒരുപാട് സ്നേഹത്തോടെ..
കുറിപ്പിന് താഴെ നന്ദി അറിയിച്ച് ചില്‍ഡ്രന്‍സ് ഹോം അധികൃതരും രംഗത്തെത്തി. അദ്ദേഹത്തെ കളക്ടറായി ലഭിച്ചത് ആലപ്പുഴ ജില്ലക്കാരുടെ ഭാഗ്യമായി കരുതുന്നെന്നാണ് സന്തോഷം പങ്കുവെയ്ക്കുന്ന കമന്റ്.