KERALA

ട്രെയിനിലെ തീവയ്പ്: അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ പെട്രോള്‍ കുപ്പി; ഡിജിപി കണ്ണൂരിലെത്തും

പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിത ആക്രമണമാണെന്ന നിഗമനത്തില്‍ പോലീസ്

വെബ് ഡെസ്ക്

ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്. കോഴിക്കോട് എലത്തൂരില്‍ നടന്ന ആക്രമണത്തിന് ശേഷം കണ്ണൂരിലെത്തിയ ട്രെയിനിന്റെ D1, D2 കോച്ചുകള്‍ സീല്‍ ചെയ്തു. ഫോറന്‍സിക് സംഘമുള്‍പ്പെടെ ട്രെയിനില്‍ പരിശോധന നടത്തുകയാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപിയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കണ്ണൂരിലേക്ക് തിരിച്ചു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിത ആക്രമണമാണെന്ന നിഗമനത്തിലാണ് പോലീസ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സാഹചര്യം നിരീക്ഷിച്ച് വരികയാണ്.

കേസില്‍ നിര്‍ണായക തെളിവാകുന്ന അക്രമിയുടെ ബാഗ് എലത്തൂരിന് സമീപത്ത് ട്രാക്കില്‍ നിന്ന് കണ്ടെടുത്തു. ബാഗില്‍ വസ്ത്രങ്ങള്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍, ഒരു കുപ്പിയില്‍ ഇന്ധനം, സ്റ്റിക്കി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. സ്റ്റിക്കി നോട്ടുകളില്‍ വിവിധ സ്ഥലങ്ങളുടെ പേരുകളും എഴുതിചേര്‍ത്തതായി കണ്ടെത്തി. ബാഗും സാധനങ്ങളും ഫോറന്‍സിക് സംഘം പരിശോധിച്ചു.

റെയില്‍വെ മന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചുവന്ന ഷര്‍ട്ടിട്ടയാളാണ് ആക്രമണം നടത്തിയതെന്നാണ് റെയില്‍വെ പോലീസിന്‌റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇയാള്‍ തൊപ്പിവച്ചിരുന്നെന്നും കംപാര്‍ട്ട്മെന്റിലെ യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥലത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. റെയില്‍ റോഡിന് സമാന്തരമായെത്തുന്ന ഭാഗത്തെത്തിയപ്പോഴാണ് തീയിട്ടത്. ഇത് രക്ഷപ്പെടണമെന്ന ഉദ്ദ്യേശത്തോടെ ആസൂത്രണത്തോടെയും കൃത്യമായി തിരഞ്ഞെടുത്തതാകാനുള്ള സാധ്യതയാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. വിദ്വേഷ ആക്രമണത്തിനപ്പുറം തീവ്രവാദ ബന്ധമാണോ എന്ന സംശയിക്കുന്നതിനും ഇതാണ് അടിസ്ഥാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിയപ്പോള്‍ അക്രമി ഇറങ്ങിയോടി ബൈക്കില്‍ കയറി പോകുന്നതിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തിയത് ആസൂത്രിത ആക്രമണമാണെന്ന സംശയം വര്‍ധിപ്പിക്കുന്നതാണ്.

ട്രെയിനില്‍ തീയിട്ടതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയതെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ നിന്ന് കണ്ടെടുത്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്‌മത്ത്, രണ്ടുവയസുകാരി സഹറ, നൗഫിക് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രാക്കില്‍ തലയിടിച്ച് വീണനിലയിലായിരുന്നു മൂന്നുപേരും.

ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ചശേഷം ഇയാള്‍ തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലാണ് ആക്രമണമുണ്ടായത്. ജനറല്‍ കംപാര്‍ട്ടമെന്‌റ് വഴി റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലേക്ക് ഇയാളെത്തിയതെന്നാണ് സംശയിക്കുന്നത്.

ആക്രമണത്തില്‍ പരുക്കേറ്റ ഒന്‍പതുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. കണ്ണൂര്‍ സ്വദേശികളായ അനില്‍കുമാര്‍, സജിഷ, അദ്വൈത്, എറണാകുളം സ്വദേശി അശ്വതി, തളിപ്പറമ്പ സ്വദേശികളായ റൂബി,ജ്യോതീന്ദ്രനാഥ്, തൃശൂര്‍ സ്വദേശികളായ പ്രിന്‍സ്, പ്രകാശന്‍ എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. അനില്‍കുമാറിന് മുഖത്തും അശ്വതിക്ക് കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ