KERALA

ആലപ്പുഴയുടെ സ്വന്തം കളക്ടർ, വി ആർ കൃഷ്ണ തേജ ഇനി തൃശൂരിലേക്ക്

വെബ് ഡെസ്ക്

ആലപ്പുഴ കളക്ടറായി ചുമതലയേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് വി ആർ കൃഷ്ണ തേജ. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സ്ഥാനത്തേക്ക് കളക്ടറായി എത്തിയ കൃഷ്ണ തേജയ്ക്ക് ആലപ്പുഴയുടെ കളക്ടർ മാമനായി മാറാൻ അധികം കാലം വേണ്ടി വന്നില്ല. 2018ലെ പ്രളയ സമയത്ത് 'ഐ ആം ഫോർ ആലപ്പി' എന്ന പദ്ധതിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ആലപ്പുഴ സബ്കളക്ടറായിരുന്നു കൃഷ്ണ തേജ. പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹ മാധ്യമ കൂട്ടായ്മയാണ് 'ഐ ആം ഫോർ ആലപ്പി'.

ആലപ്പുഴ കളക്ടറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ശമ്പളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന സ്നേഹജാലകം എന്ന കൂട്ടായ്മയ്ക്കാണ് കൃഷ്ണതേജ നല്‍കിയത്. നൂറനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ടിവി വേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അവർക്ക് ടിവി എത്തിച്ചു നൽകുകയും അതിനൊപ്പം 'എന്റെ കുഞ്ഞുമക്കൾ എല്ലാവരും നന്നായി വളരണം കേട്ടോ' എന്ന് പറഞ്ഞു കൊണ്ട് നൽകിയ കുറിപ്പും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. മഴക്കാലത്ത് അവധി അപേക്ഷകളുമായി കുട്ടികൾ എത്തുന്നതിന് മുൻപേ കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച് കൊണ്ട് അവിടെയും അദ്ദേഹം കയ്യടി നേടിയെടുത്തു.

'ഐആം ഫോർ ആലപ്പി' എന്ന പദ്ധതിയെ വിപുലീകരിച്ച് രൂപീകരിച്ച' വീ ആർ ഫോർ' ആലപ്പി എന്ന പദ്ധതിയിൽ കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി നിരവധി പ്രവർത്തങ്ങളും അദ്ദേഹം നടത്തി. മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു വിദ്യാർഥിയുടെ തുടർപഠനത്തിനായി രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് കോഴ്‌സിന് പ്രവേശനം നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.

എംബിബിഎസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങി പോകുമായിരുന്ന ആദിത്യ ലക്ഷ്മിയുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം അല്ലു അർജുൻ ഏറ്റെടുത്തതും വാർത്തകളിൽ ഇടം പിടിച്ചു. 'ഒരു പിടി നന്മ' എന്ന പേരിൽ സ്കൂൾ കുട്ടികളിലൂടെ നടപ്പാക്കിയ പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതി. കുട്ടികളിലൂടെ ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്.

ജനങ്ങൾക്കായി ചെയ്ത പ്രവർത്തനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതം പോലും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങൾ കാരണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും, പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിൽ സർവീസ് വരെ നേടിയതിന്റെയും അനുഭവ കഥകൾ പല വേദികളിലും കൃഷ്ണ തേജ തുറന്നു പറഞ്ഞിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും