കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ളിൽ അനുവദനീയമായ അൽക്കഹോളിന്റെ അളവ് വർധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. നിലവിൽ 8.13 ശതമാനമാണ് കള്ളിൽ അനുവദനീയമായ ആൽക്കഹോളിന്റെ അളവ്.
ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോമളൻ എന്നയാൾ സംസ്ഥാന സർക്കാരിനെ കക്ഷിചേർത്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പഠനത്തിനായി കേരളത്തിനു നാലു മാസമാണ് കോടതി അനുവദിച്ചത്.
ഈ സമയത്തിനുള്ളിൽ വിശദമായ പഠനം നടത്തി കോടതിയെ വിവരം ധരിപ്പിക്കണം. കേസ് നാലു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളം കള്ളിലെ ആൽക്കഹോളിന്റെ ശതമാനം സംബന്ധിച്ച് തീരുമാനമെടുക്കുക.
നേരത്തെ കള്ളിലെ ആൽക്കഹോൾ ശതമാനം പുനഃപരിശോധിക്കണമെന്ന ഹർജിയെ കേരളം എതിർത്തിരുന്നു. കേരള സർവകലാശാലയിലെ ടി എൻ അനിരുദ്ധൻ അധ്യക്ഷനായ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കള്ളിൽ ആൽക്കഹോളിന്റെ അംശം വർധിപ്പിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
തെങ്ങിൽനിന്ന് ചെത്തി എടുക്കുന്ന കള്ളിൽ 9.59 ശതമാനമായും സാഗോ പനയിൽനിന്ന് എടുക്കുന്ന കള്ളിൽ 8.24 ശതമാനമായും സാധാ പനങ്കള്ളിൽ 8.13 ശതമാനമായും ആൽക്കഹോൾ അളവ് കൂട്ടാമെന്നായിരുന്നു സമിതിയുടെ നിർദേശം.
എന്നാൽ കള്ളിൽ 8.1 ശതമാനത്തിലധികം ആൽക്കഹോൾ കാണുന്നത് എഥൈൽ ആൽക്കഹോൾ അധികമായി ചേർക്കുന്നതുകൊണ്ട് മാത്രമാണെന്ന് കേരളം വാദിച്ചു.
കള്ളിൽ ചാരായം ആയോ സ്പിരിറ്റ് പോലെ വാറ്റിയെടുത്ത മദ്യത്തിന്റെ രൂപത്തിലോ ഈഥൈൽ ആൽക്കഹോൾ കള്ളിൽ ചേർക്കുന്നത് പ്രകൃതിദത്തമായ ദ്രാവകത്തിലെ 'വിദേശ പദാർഥമായി' മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂയെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്)ന്റെ സ്പെസിഫിക്കേഷനിൽ കള്ളിലെ എഥൈൽ ആൽക്കഹോൾ അംശം 20 ഡിഗ്രി സെൽഷ്യസിൽ 5-8 ശതമാനം ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
കിഴക്കൻ ആഫ്രിക്കയിലെ നാളികേര ഗവേഷണ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ ആർ ചൈൽഡിന്റെ പുസ്തകത്തിൽ പറയുന്നതുപ്രകാരം കള്ളിൽ ആൽക്കഹോളിന്റെ അളവ് 33 മണിക്കൂറിനുശേഷം 8.1ശതമാനത്തിൽ എത്തുമെന്ന് പരാമർശിച്ചിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി.
പാനൽ റിപ്പോർട്ട് കള്ളിൽ 9.59 ശതമാനം ആൽക്കഹോൾ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും, മറ്റെല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് മദ്യത്തിന്റെ അളവ് 8.1 ശതമാനം കവിയാൻ പാടില്ലെന്നാണെന്നു കേരളം വാദിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും കേരളം നിലപാടെടുക്കുകയായിരുന്നു.
കള്ളിന്റെ വീര്യം നിർണയിക്കുന്നതിനു മുമ്പ് സമഗ്ര പഠനം അനിവാര്യമാണെന്നും ഇത് പൊതുജനാരോഗ്യത്തെ നേരിട്ടു ബാധിക്കുന്ന വിഷയമാണെന്നും കേരളം കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് കേരളത്തിന് വിശദമായ പഠനത്തിനു കോടതി അനുമതി നൽകിയത്.