വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ പൊതുധാരണ. അക്രമത്തെ സമരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചപ്പോള്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്ന ആവശ്യത്തില്‍ സമര സമിതിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റപ്പെടുത്തി. തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സമരസമിതി ഒഴികെയുള്ളവര്‍ പിന്തുണയ്ക്കുകയായിരുന്നു. അക്രമ സംഭവങ്ങളില്‍ ശക്തമായ നിയമ നടപടികള്‍ വേണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
സര്‍വകക്ഷി യോഗത്തില്‍ സമരക്കാരെയും ലത്തീന്‍ സഭയെയും പിന്തുണച്ചത് കോണ്‍ഗ്രസ് മാത്രം
തുറമുഖ നിര്‍മ്മാണം ഒരു മണിക്കൂര്‍ പോലും വൈകരുതെന്നാണ് ബിജെപിയുടെ ആവശ്യം. വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് ജമാഅത്തുകളും രംഗത്തെത്തി. സര്‍വകക്ഷി യോഗത്തിലാണ് തങ്ങളുടെ പ്രതിഷേധം ജമാഅത്തുകള്‍ അറിയിച്ചത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തെരഞ്ഞ് പിടിച്ചു ആക്രമിച്ചുവെന്നും. ഒരു വിഭാഗത്തിന്റെ നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടെന്നും മഹല്ല് ഭാരവാഹികള്‍ ആരോപിച്ചു.
സര്‍വകക്ഷി യോഗത്തില്‍ സമരക്കാരെയും ലത്തീന്‍ സഭയെയും പിന്തുണച്ച് കോണ്‍ഗ്രസ് മാത്രമാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ബിഷപ്പിനെതിരെ കേസെടുത്തതിലും കോണ്‍ഗ്രസ് തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസെടുത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് സമാധാനം നിലനിര്‍ത്താന്‍ പോലീസ് മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍
വിഴിഞ്ഞത്തെ സാഹചര്യം മൂലം സംഘര്‍ഷം വ്യാപകമാകാതിരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് പൊതു ധാരണയെന്ന് യോഗത്തിന് ശേഷം മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വിഴിഞ്ഞത്ത് പോലീസ് ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. വിഴിഞ്ഞം വിഷയത്തില്‍ സമര സമിതിയുടെ 6 ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിതാണ്. എന്നിട്ടും നിയമം കയില്‍ എടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്നലെ കണ്ടത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവാത്ത നടപടികള്‍ എന്നും ജി ആര്‍ അനില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സമരസമിതി ഒഴികെയുള്ളവര്‍ പിന്തുണച്ചെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് സമാധാനം നിലനിര്‍ത്താന്‍ പോലീസ് മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. എന്തും നേരിടാന്‍ പോലീസ് റെഡിയാണ്. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ സമരസമിതി വിയോജിപ്പ് അറിയിച്ചതായി ഫാ. യൂജിന്‍ പെരേര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തില്‍ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും ഉണ്ടായി. ഫലം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.