KERALA

വിവാദങ്ങള്‍ക്കിടെ ആഭ്യന്തരവകുപ്പ് ഉന്നതതലയോഗം; കൂടിക്കാഴ്ച എഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ, പതിവ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും യോഗത്തിൽ

വെബ് ഡെസ്ക്

ആഭ്യന്തര വകുപ്പിനെതിരെ പി വി അന്‍വര്‍ ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഉന്നതതലയോഗം. വിവാദ വിഷയങ്ങളില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിന് എതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നിരിക്കുന്നത്.

അജിത് കുമാറിനൊപ്പം അന്‍വറിന്റെ ആരോപണ മുനയിലുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നു. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉടൻ യോഗത്തിൽ പങ്കെടുത്തു. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണ് നടന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ നടക്കുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.

എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള നടപടി എന്താണെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസമാണ് മുഖ്യമന്ത്രി ഡിജിപിക്ക് സമയം അനുവദിച്ചത്. ഒരു മാസവും മൂന്നു ദിവസവും എടുത്ത് പൂർത്തിയാക്കിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചു. ഡിജിപി റിപ്പോർട്ടിൽ നടപടിയൊന്നും നിർദേശിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, പോലീസ് ഉദ്യോഗസ്ഥരുടെ സ്വർണ്ണം പൊട്ടിക്കലിന് പിന്തുണ നൽകി, തൃശൂർ പൂരം അലങ്കോലമാക്കുന്നതിനു സഹായിച്ചു, 35 ലക്ഷം രൂപ കാശായി നൽകി കെട്ടിടം വാങ്ങി, അത് 65 ലക്ഷം കാശായി നൽകി വിറ്റു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെയുള്ളത്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ എഡിജിപി അജിത്കുമാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എഡിജിപി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയും സിപിഎം സ്വതന്ത്രനായ കെടി ജലീലുമുൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എഡിജിപിയെ സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഉറപ്പ് തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്ന് സിപിഐ നേതാക്കൾ പ്രസ്താവിക്കുകയും ചെയ്തു.

2023ൽ തൃശ്ശൂർ വച്ച് ആർഎസ്എസ് സർകാര്യവാഹ് ദത്തത്രേയ ഹൊസബലെയെയും പിന്നീട് തിരുവനന്തപുരത്തുവച്ച് ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കാര്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഈ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. കൂടിക്കാഴ്ച നടന്ന വിവരം ഇന്റലിജിൻസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്നുതന്നെ അറിയിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാഞ്ഞതെന്താണ് എന്നായിരുന്നു ഉയർന്ന ആരോപണം.

ഡിജിപി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഐജി സപർജൻ കുമാറും ഡിഐജി തോംസൺ ജോസഫും എസ്പിമാരായ മധുസൂദനൻ ഷാനവാസ് എന്നിവരുൾപ്പെടെയുള്ളവരാണുള്ളത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍