KERALA

'പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കി, പോലീസിനെതിരെ പാര്‍ട്ടിക്കും പരാതി നല്‍കും'; കൂടിക്കാഴ്ചയ്ക്ക് ശേഷം മയപ്പെട്ട് പി വി അന്‍വര്‍

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്നതുള്‍പ്പെടെ പാര്‍ട്ടി തീരുമാനിക്കും

വെബ് ഡെസ്ക്

കേരള പോലീസിനെതിരായ തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുതി നല്‍കിയതായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അന്‍വര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. വിഷയങ്ങളില്‍ മറ്റ് തീരുമാനങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനം എടുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍വറിന്റെ ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എംഎല്‍എ മാധ്യമങ്ങളെ കണ്ടത്.

അന്‍വര്‍ രൂക്ഷമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്നതുള്‍പ്പെടെ പാര്‍ട്ടി തീരുമാനിക്കും എന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ആരെ മാറ്റി നിര്‍ത്തണം എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന ഒഴുക്കന്‍ മറുപടിയായിരുന്നു നിലമ്പൂര്‍ എംഎല്‍എ നല്‍കിയത്. സഖാവ് എന്ന നിലയിലാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ പ്രതികരണത്തിന് മുതിര്‍ന്നിരുന്ന പി വി അന്‍വര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മിതത്വത്തോടെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ചുള്ള ചോദ്യങ്ങളോട് മൗനമായിരുന്നു പി വി അന്‍വറിന്റെ മറുപടി. പരാതികള്‍ എഴുതി നല്‍കിയതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചു എന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ ഇന്ന് സ്വീകരിച്ച നിലപാട്.

അതേമയം, പി വി അന്‍വറിന്റെ പരസ്യപ്രതികരണത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിനും അതൃപ്തി പുകയുന്നു. ആരോപണങ്ങള്‍ ആദ്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മുന്നണിയെ ബാധിക്കില്ല. തെറ്റുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി