തിരുവനന്തപുരം നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസെടുത്ത് പോലീസ്. ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതോടെ എം രാധാകൃഷ്ണനെ പ്രതിചേർത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കന്റോന്‍മെന്റ് പൊലീസ് അറിയിച്ചു.
ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കന്റോന്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം.
ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൈക്കിന്റെ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എകെജി സെന്ററിനു സമീപത്തെ ഏഴോളം സി സി ടിവി ക്യാമറ പരിശോധിച്ചതില്‍നിന്നാണ് പ്രതി രാധാകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തിയത്.
2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. ഈ കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടയാണ് മറ്റൊരു ലൈംഗികാതിക്രമ കേസിലും രാധാകൃഷ്ണന്‍ പ്രതിയാകുന്നത്. ഈ സംഭവത്തെ തുടർന്ന് രാധാകൃഷ്ണനെ ജോലി ചെയ്തുവന്നിരുന്ന കേരളകൗമുദി പത്രത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
തന്നെ അസഭ്യം പറഞ്ഞെന്ന് രാധാകൃഷ്ണന്‍
ഫെബ്രുവരി മൂന്നിന് എകെജി സെന്ററിന് സമീപം ആരോ തെറി വിളിക്കുന്നത് കേട്ട് ബൈക്ക് നിര്‍ത്തിയ തന്നെ പിറകില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ വന്നു മുന്‍പേ കയറി റോഡിന് നടുവില്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ത്രീ തെറി വിളിക്കുകയായിരുന്നുവെന്ന് എം രാധാകൃഷ്ണന്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു. താന്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചെന്ന് വസ്തുതയെല്ലാം പോലീസ് ഓഫീസര്‍മാരെ ബോധ്യപ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. പരാതിക്കാരിയായ സ്ത്രീക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആലോചിച്ചുവെന്നും എന്നാല്‍ പോലീസ് അത് വേണ്ടെന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.