പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയം, എന്നാല്‍ പണമില്ലാതെ പഠനം പാതിവഴിയിലായി ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി. മുഴുവന്‍ പഠനചിലവും ഏറ്റെടുത്ത് മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍. വി ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് പെണ്‍കുട്ടിക്കാവശ്യമായ പഠനം ഉറപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡ് കാലഘട്ടത്തില്‍ അനാഥരായവര്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിയാണ് വിആര്‍ ഫോര്‍ ആലപ്പി
സബ്കളക്ടര്‍ ആയ സമയത്ത് ഐ ആം ഫോര്‍ ആലപ്പി എന്ന പദ്ധതി ആവിശ്കരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി 10 അംഗന്‍വാടി കളുടെ മുഴുവന്‍ നവീകരണത്തിനായി അല്ലു അര്‍ജുന്‍ ധനസഹായം നല്‍കിയിരുന്നു. പിന്നീട് പദ്ധതി വി ആര്‍ ഫോര്‍ ആലപ്പി എന്ന് മാറ്റുകയായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ അനാഥരായവര്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിയാണ് വിആര്‍ ഫോര്‍ ആലപ്പി. അതിന്റെ ഭാഗമായാണ് പെണ്‍കുട്ടിയുടെ പഠനം ഏറ്റെടുത്തത്. പഠനത്തിന്റെ മുഴുവന്‍ ചിലവും വഹിക്കാമെന്ന് ചലചിത്രതാരം അല്ലു അര്‍ജുന്‍ ഉറപ്പ് നല്‍കിയിട്ടിട്ടുണ്ട്. ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛന്‍ 2021 ല്‍ കോവിഡ് ബാധിച്ച് മരിച്ചതിനേ തുടര്‍ന്നാണ് പഠനം പാതി വഴിയില്‍ മുടങ്ങിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ ജയിച്ച് കുട്ടിയ്ക്ക് നഴ്‌സിങ് പഠിക്കണമെന്നാണ് ആഗ്രഹമെന്നറിഞ്ഞതോടെ സ്‌പോണ്‍സര്‍ക്കായുള്ള അന്വേഷണമായി. ഇതിന്റെ ഭാഗമായാണ് കളക്ടറുടെ വി ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി സിനിമ നടന്‍ അല്ലു അര്‍ജുനെ സമീപിച്ചത്. കുട്ടിയുടെ നഴ്‌സിങ്ങ് പഠന ചിലവു മുഴുവനും ഏറ്റെടുക്കാമെന്ന് അല്ലു അര്‍ജുന്‍ അറിയിക്കുകയായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്‌സിങ്ങ് കോളേജിലാണ് പെണ്‍കുട്ടിയ്ക്ക് തുടര്‍ പഠനമൊരുക്കിയിരിക്കുന്നത്.