ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസിൽ നാളെ വിധിയുണ്ടായേക്കില്ല. കേസിലെ ഏക പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കണ്ടെത്തി നാളെ വിധി പറയുമെന്ന് എറണാകുളം പോക്സോ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളെ ശിക്ഷയിൻ മേലുള്ള വാദമാകും നടക്കുക. പ്രതിക്ക് അവസാനമായി പറയാനുള്ള കാര്യങ്ങൾ നാളെ പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും. ഇതിന് മറുപടിയായി പ്രോസിക്യൂഷനും വാദമുന്നയിക്കും.
സുപ്രീംകോടതിയുടെ ചില സുപ്രധാനമായ വിധികൾ സംബന്ധിച്ച് കൂടുതൽ വാദമുന്നയിക്കാനുണ്ടെന്ന് പ്രോസിക്യൂട്ടർ അഡ്വ. മോഹൻരാജ് ദ ഫോർത്തിനോട് പറഞ്ഞു. 16 വകുപ്പുകൾ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. അപൂർവങ്ങളില് അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്നു കോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയുടെ മാനസിക നില സംബന്ധിച്ച മെഡിക്കൽ റിപോർട്ട് ഉൾപെടെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഈ രേഖകളും കേസിൽ അവസാന ഘട്ട വാദവും പരിശോധിച്ച ശേഷം മറ്റൊരു ദിവസമാകും പോക്സോ കോടതി ജഡ്ജി വിധി പറയുക.
പ്രതിക്കെതിരെ IPC 302 - കൊലപാതകം - 376(2)(n) - ആവര്‍ത്തിച്ചുള്ള ബലാത്സംഗം - 376(A) - ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക - 376 (AB)- പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക - 377 - പ്രകൃതി വിരുദ്ധ ലൈംഗികത - 366A - കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം - 367 - തട്ടിക്കൊണ്ട് പോകല്‍ 364 - കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍ 297 - മൃതദേഹത്തോട് ഉള്ള അനാദരവ് 201 - തെളിവ് നശിപ്പിക്കല്‍ 328 - ലഹരി നല്‍കി ദേഹോപദ്രവമേല്‍പ്പിക്കുക - പോക്സോ നിയമത്തിലെ 3(a) r/w 4(2) - കുട്ടികള്‍ക്കെതിരായ ബലാത്സംഗം - 5(i) r/w 6 - ജനനേന്ദ്രിയത്തിനെതിരായ അതിക്രമം - 5(l) r/w 6 - കുട്ടികള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ബലാത്സംഗം - 5(m) r/w 6 - പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം - ജെ ജെ ആക്ട് സെഷൻ 77 എന്നീ കുറ്റങൾ തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകളും പോക്സോ നിയമത്തിലെ മൂന്ന് വകുപ്പും വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.