ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലം ക്രമിനൽ പാശ്ചാത്തലമുള്ളയാളെന്ന് അന്വേഷണ സംഘം. ഡൽഹിയിൽ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസ്ഫാക് ഡൽഹിയിൽ ഒരുമാസം തടവിൽ കഴിഞ്ഞിരുന്നു. 2018ൽ ഗാസിപൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. 2018ൽ തന്നെ ഇയാൾ കേരളത്തിലെത്തിയിരുന്നു.
അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂർത്തിയായി. ആലുവ സബ് ജയിലിനുള്ളിൽ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ മജിസ്‌ട്രേറ്റ് -IIന്റെ മേല്‍നോട്ടത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസിലെ മൂന്ന് പ്രധാന സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. കുട്ടിയുമായി പ്രതി ആലുവ മാര്‍ക്കറ്റിന്റെ പരിസരത്തുകൂടി നടന്നുപോകുന്നത് കണ്ട താജുദ്ദീന്‍ അടക്കമുള്ള സാക്ഷികളാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവയിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പോക്സോ കോടതി രംഗത്തെത്തി. കുട്ടിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കണം. പ്രതിയുടെ മുഖം തുടക്കംമുതൽ മറയ്ക്കാത്തത് സാക്ഷികൾക്ക് നേരത്തെ പ്രതിയെ തിരിച്ചറിയാൻ അവസരം നൽകിയെന്ന വാദം ഉന്നയിക്കാനിടയാകും. തിരിച്ചറിയൽ പരേഡ് നടത്താനായിരുന്നെങ്കിൽ നേരത്തെ മുഖം മറയ്ക്കണമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലെ പിഴവ് തിരുത്തി നൽകാനും കോടതി നിർദേശിച്ചു.
കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെ 14 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെ 14 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ അടുത്തദിവസം തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ് നീക്കം നടത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സാധിച്ചിരുന്നില്ല.
ജൂലൈ 28ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അഫ്‌സാക് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് കുട്ടിയെ ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും മദ്യലഹരിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും മാര്‍ക്കറ്റില്‍ വച്ച് കണ്ടെന്ന ഒരു ചുമട്ടുതൊഴിലാളിയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.