ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ ശിശുദിനമായ നവംബർ 14 ന് വിധിക്കും. കേസിലെ ഏക പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദം എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയാക്കി.
രാവിലെതന്നെ ആലുവ സബ് ജയിലിൽനിന്ന് പ്രതിയെ കോടതിയിൽ എത്തിച്ചിരുന്നു. പ്രതി ചെയ്തത് അപൂർവങ്ങളിൽ അപൂർവമായ കുറ്റമാണെന്നും വധശിക്ഷതന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പിഞ്ചു കുഞ്ഞിനോട് ക്രൂരത കാണിച്ച പ്രതി സമൂഹത്തിനുതന്നെ ഭീഷണിയാണെന്നും ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
ഇതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് റിപ്പോർട്ട്. 16 വകുപ്പുകൾ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. പ്രതിയുടെ മാനസികനില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടും ഇന്ന് നടന്ന അവസാനഘട്ട വാദവും പരിശോധിച്ച ശേഷമാകും കോടതി വിധി പറയുക.
പ്രതിക്കെതിരെ ഐപിസി 302 (കൊലപാതകം), 376(2)(എൻ) ( ആവര്‍ത്തിച്ചുള്ള ബലാത്സംഗം), 376(എ) (ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക), 376 (എ ബി) (പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക), 377 (പ്രകൃതി വിരുദ്ധ ലൈംഗികത), 366എ (കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം), 367 (തട്ടിക്കൊണ്ടുപോകല്‍), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍), 297 ( മൃതദേഹത്തോടുള്ള അനാദരവ്), 201 (തെളിവ് നശിപ്പിക്കല്‍), 328 (ലഹരി നല്‍കി ദേഹോപദ്രവമേല്‍പ്പിക്കുക), പോക്സോ നിയമത്തിലെ 3(എ) ആർ/ഡബ്ല്യു 4(2) ( കുട്ടികള്‍ക്കെതിരായ ബലാത്സംഗം), 5(ഐ) ആർ/ഡബ്ല്യു 6 ( ജനനേന്ദ്രിയത്തിനെതിരായ അതിക്രമം), 5(ഐ) ആർ/ഡബ്ല്യു 6 (കുട്ടികള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ബലാത്സംഗം), 5(എം) ആർ/ഡബ്ല്യു 6 (പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം), ബാലനീതി നിയമം 77-ാം വകുപ്പ് എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകളും പോക്സോ നിയമത്തിലെ മൂന്ന് വകുപ്പും വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.