ആലുവയില്‍ ഇരയുടെ കുടുംബത്തിന്റെ സര്‍ക്കാര്‍ സഹായം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹസീന മുനീറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത് കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്. ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ ആലുവക്കേസിലെ കുട്ടിയുടെ പിതാവില്‍ നിന്ന് പണം വാങ്ങിയത് വിവാദമായിരുന്നു. സംഭവം പൊതു സമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും മഹിളാകോണ്‍ഗ്രസിനും അവമതിപ്പുണ്ടാക്കിയെന്നും മഹിളാ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
ആലുവയില്‍ ഇരയുടെ കുടുംബത്തിന്റെ സര്‍ക്കാര്‍ സഹായം തട്ടിയ സംഭവം അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. എന്ത് നല്‍കിയാലും കുടുംബത്തിന്റെ നഷ്ടം നികത്താന്‍ കഴിയില്ല. പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് മുനീര്‍ അടുത്തത്. എടിഎമ്മില്‍നിന്ന് പണം എടുത്തുതരാമെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛന്‌റെ കാര്‍ഡ് സ്വന്തമാക്കുകയായിരുന്നു. ഓഗസ്റ്റ് 15 മുതല്‍ മുനീറിന്‌റെ കൈവശമുള്ള ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് 1,20,000 രൂപ കൈക്കലാക്കുകയായിരുന്നു.
പണം തട്ടിയെടുത്ത വിവരം ഒരു മാസം മുമ്പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിയായി പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ 70000 രൂപ മടക്കി നല്‍കി. ബാക്കി തുക ഡിസംബര്‍ 20നകം നല്‍കാമെന്ന് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കുകും ചെയ്തു. സംഭവം വിവാദമായതോടെ വാര്‍ത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയന്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാവില്ലെന്നു പരാതിക്കാരന്‍ വ്യക്തമാക്കുകയും മുനീറിന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു.
ജൂലൈ 28നായിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് കുറ്റംപത്രം നല്‍കിയത്.