KERALA

സ്വര്‍ണക്കടത്ത്: മതവിധി പ്രസ്താവന വിശദീകരിച്ച് കെ ടി ജലീൽ; മുസ്ലിംവിരുദ്ധ നിലപാടെന്ന് വിമർശനം

വെബ് ഡെസ്ക്

മലബാറിലെ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എംഎല്‍എ കെ ടി ജലീല്‍ നടത്തിയ പ്രസ്താവനകളില്‍ വിവാദം കനക്കുന്നു. കരിപ്പൂര്‍ കണ്ണൂര്‍ എയര്‍പ്പോട്ടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസുകളില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ പ്രതികളാകുന്നു എന്നും ഇത് തടയാൻ മതപരമായ ഇടപെടല്‍ വേണമെന്നുമാണ് കെ ടി ജലീല്‍ ആവശ്യപ്പെടുന്നത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജലീല്‍ നിലവില്‍ കേരള സമൂഹത്തിന് മുന്നിലുള്ള മലപ്പുറം വിവാദത്തിലേക്ക് എണ്ണപകരുന്ന പ്രസ്താവനകളുമായി സജീവമാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നത് മതപരമായി തെറ്റാണെന്ന് വിശ്വസിക്കാത്തവര്‍ക്കിടയില്‍ ഖ്യാളിമാരുടെ ഇടപെടല്‍ സ്വാധീനം ചെലുത്തും എന്നാണ് തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ജലീല്‍ അവകാശപ്പെടുന്നത്. പാണക്കാട് തങ്ങള്‍ കുടുംബം ഉള്‍പ്പെടെ സംസ്ഥാനത്തെ മുസ്ലീം പുരോഹിത പ്രമുഖരായ ഖ്വാളിമാര്‍ ഇതിലെ തെറ്റ് ചൂണ്ടിക്കാട്ടണം എന്നുമാണ് ജലീലിന്റെ നിലപാട്.

കെ ടി ജലീലിന്റെ നിലപാട് നികൃഷ്ടമാണെന്നാണ് മുസ്ലീം ലീഗിന്റെ പ്രതികരണം. ഒരു സമുദായത്തെ ആകെ കുറ്റവാളികളാക്കി ചിത്രീകരിക്കാന്‍ സഹായിക്കുന്നതാണ് എംഎല്‍എ ഉയര്‍ത്തിവിടുന്ന ചര്‍ച്ചയെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കുറ്റപ്പെടുത്തി. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഞായറാഴ്ച പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലും കെ ടി ജലീല്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണെന്നും മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ എന്നുമാണ് കെ ടി ജലീലിന്റെ വാദം.

ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താന്‍ ഇതര മതസ്ഥര്‍ കാണിക്കുന്ന കുല്‍സിത നീക്കങ്ങളായി അത്തരം ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍' ഉദ്ദേശിക്കുന്നത്? സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങിനെയാണ് 'ഇസ്ലാമോഫോബിക്ക്' ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെ കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക. എന്നും ജലീല്‍ ആവര്‍ത്തിക്കുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖ്വാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? സ്വര്‍ണ്ണക്കടത്തുകാര്‍ വഴിയും ഹവാലക്കാര്‍ വഴിയും വിദേശത്തുനിന്ന് കിട്ടുന്ന പണം 'ഏതെങ്കിലുമാളുകള്‍' നാട്ടിലെത്തിക്കുന്നത് പുറത്തറിയുമെന്ന ഭീതി ആര്‍ക്കെങ്കിലുമുണ്ടോ? എന്ന ചോദ്യവും കെ ടി ജലീല്‍ ഉന്നയിക്കുന്നു. 'നിങ്ങള്‍ ചെയ്യാത്തത് മറ്റുള്ളവരോട് കല്‍പ്പിക്കരുത്. ദൈവത്തിന്റെ അടുക്കല്‍ കൊടിയ പാപമാണത്' എന്ന ഖുര്‍ആന്‍ വാചകവും ജലീല്‍ പറഞ്ഞുവയ്ക്കുന്നു.

ഒരു ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധിയായി കെ ടി ജലീൽ എങ്ങനെയാണ് ഒരു കുറ്റകൃത്യം തടയുന്നതിന് മതവിധി പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുന്നത് എന്ന വിമർശനം വ്യത്യസ്ത മേഖലകളിൽ നിന്നുയരുന്നുണ്ട്. ഭരണഘടനാ ചുമതലയുള്ള ഒരു വ്യക്തി എന്തുകൊണ്ട് ക്രിമിനൽ പ്രവർത്തനങ്ങളെ നേരിടാൻ നിയമപരമായ വഴികൾ തേടുന്നില്ല എന്നതാണ് വിമർശനമുന്നയിക്കുന്നവരെ ചോദിക്കുന്ന പ്രധാനപ്പെട്ട കാര്യം. കോൺഗ്രസ് നേതാവ് വി ടി ബൽറാം ഉൾപ്പെടെയുള്ളവർ ഈ വിമർശനവുമായി രംഗത്തെത്തി.

സ്വർണക്കടത്ത് എന്ന ക്രിമിനൽ പ്രവൃത്തിയെ മുസ്ലിങ്ങളുടെ മാത്രം ചേർത്ത് വയ്ക്കുന്ന ജലീലിന്റെ വാദം ആരെ സഹായിക്കാനാണെന്നാണ് വി ടി ബൽറാം ചോദിക്കുന്നത്. പിണറായിയെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയിൽ സംഘപരിവാർ വാദവുമായി ജലീലും രംഗത്തെത്തിയിരിക്കുകയാണെന്നു പറയുന്ന ബൽറാം സ്വർണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ നേതാവോ അല്ലെന്നും അത് സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ചാണെന്നും പറയുന്നു.

"അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ? മുസ്ലീങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികൾക്കാണ് പ്രാധാന്യം നൽകുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തിൽ സംഘ് പരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോൾ ശക്തിപ്പെടുത്തുന്നത്." ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു