KERALA

അമ്മ എക്‌സിക്യൂട്ടിവ് യോഗം നാളെ; പോലീസ് അന്വേഷണ സംഘത്തിന്റെ ആദ്യ യോഗവും നാളെ, സിനിമ മേഖലയില്‍ നിന്ന് കുടുങ്ങുക ആരൊക്കെ?

വെബ് ഡെസ്ക്

ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ അമ്മ സംഘടനയുടെ നിര്‍ണായക എക്‌സിക്യൂട്ടിവ് യോഗം നാളെ കൊച്ചിയില്‍ ചേരും. ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയിലാകും യോഗം ചേരുക. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചര്‍ച്ചകളുമാണ് പ്രധാന അജണ്ട.

ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു സിദ്ദിഖ് തിരിച്ചെത്തിയെങ്കിലും യോഗത്തില്‍ പങ്കെടുക്കില്ല. സംഘടനയുടെ ജനറല്‍ ബോഡി യോഗം അടിയന്തരമായ വിളിച്ചുചേര്‍ക്കണെന്ന് ചില അംഗങ്ങള്‍ സംഘടന പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. ചില അംഗങ്ങള്‍ക്കു നേരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ എക്‌സിക്യൂട്ടീവില്‍ തന്നെ ഭിന്നത ശക്തമാണ്. വൈസ് പ്രസിഡന്റുമാരായ ജഗദീഷും ജയന്‍ ചേര്‍ത്തലയും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ സിദ്ദിഖിനൊപ്പം നിന്ന ജയന്‍ ചേര്‍ത്തല, ജഗദീഷിന്റെ പ്രതികരണത്തിന് വലിയ ജനപിന്തുണ കിട്ടിയതോടെ മലക്കം മറിയുകയായിരുന്നു.

അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്നു വേണമെങ്കിലും ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം. സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്. മുതിര്‍ന്ന അംഗമായ സിദ്ദിഖ് മാറുമ്പോള്‍ പകരം ആരെന്നത് സുപ്രധാന ചോദ്യമാണ്. ജഗദീഷിന്റെ പേരിനാണ് ഇപ്പോള്‍ കൂടുതല്‍ പിന്തുണയുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടടക്കം പരിശോധിക്കാന്‍ പോലീസ് അന്വേഷണം കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു വനിതയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം, സിനിമ മേഖലയില്‍ നിന്നുയര്‍ന്ന മീ ടു അടക്കം ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യയോഗവും നാളെയാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റേ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ലൈംഗിക ചൂഷണം അടക്കം വെളിപ്പെടുത്തല്‍ നടത്തിയവരോട് പോലീസ് വിശദാംശങ്ങള്‍ തേടും. എന്നാല്‍, പണ്ടുനടന്ന സംഭവങ്ങളില്‍ ആരെല്ലാം മൊഴി നല്‍കാന്‍ തയാറാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്