ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പോലീസ് അറസ്റ്റ് ചെയ്ത എണ്‍പതുകാരിയുടെ നിരപരാധിത്വം തെളിഞ്ഞത് നാല് വര്‍ഷത്തിന് ശേഷം. പാലക്കാട് കുനിശ്ശേരി സ്വദേശി ഭാരതിക്കാണ് പൊലീസിന്റെ വീഴ്ചമൂലം ഗുരുതര മനുഷ്യാവകാശലംഘനം നേരിടേണ്ടി വന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാര്‍ തന്നെയാണ് പ്രതിയെ ആളുമാറിയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കിയത്.
1998 ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഭാരതിയെന്ന ജോലിക്കാരിക്കെതിരെ പരാതി നല്‍കിയിരുന്നു. വീട്ടുമുറ്റത്തെ ചെടിച്ചട്ടിയും മറ്റും തകര്‍ത്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 48 കാരിയായ ഭാരതിയെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ഇവര്‍ പിന്നീട് തുടര്‍നടപടികള്‍ക്കായി ഹാജരായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ പോലീസ് കുനിശ്ശേരി സ്വദേശിയും എണ്‍പതുകാരിയുമായ മറ്റൊരു ഭാരതിയെ അറസ്റ്റ് ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ഇവർ അറിയിച്ചെങ്കിലും പോലീസ് നടപടി തുടര്‍ന്നു.
കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ഇവര്‍ പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലായി. പരാതിക്കാരുടെ വീട്ടുകാരെ നേരില്‍ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് നിരപരാധിത്വം തെളിയിക്കാന്‍ വഴിതെളിഞ്ഞത്. ഇതിനിടെ കോടതി നടപടികള്‍ നീണ്ടു. ഇന്ന് പാലക്കാട് കോടതി കേസ് പരിഗണിച്ചപ്പോള്‍, പോലീസ് ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നും വീട്ടുജോലിക്കാരിയായ സ്ത്രീയാണ് പ്രതിയെന്നും പരാതിക്കാരന്‍ അറിയിച്ചു. കേസ് തുടരാന്‍ താത്പര്യമില്ലെന്നും രാജഗോപാല്‍ കോടതിയെ അറിയിച്ചു.
പോലീസിന്റെ ഗുരുതര വീഴ്ചമൂലമാണ് വയോധികയായ ഭാരതിക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. കേസിലെ യഥാര്‍ഥ പ്രതിയും അറസ്റ്റിലായ വയോധികയുടെ കുടുംബവുമായി മുന്‍പ് ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യഥാര്‍ഥ പ്രതി വയോധികയുടെ മേല്‍വിലാസം നല്‍കിയതാണ് തെറ്റായ അറസ്റ്റിലേക്ക് നയിച്ചതെന്ന് അഡ്വ. ഗിരീഷ് നൊച്ചുള്ളി പറഞ്ഞു.
പോലീസ് ആളുമാറി അറസ്റ്റ് ചെയ്തതില്‍ വേദനയുണ്ടെങ്കിലും സംഭവത്തില്‍ പൊലീസിന്റെ നടപടിക്കെതിരെ പരാതി നല്‍കാനൊന്നുമില്ലെന്നും ഇനിയും കോടതി കയറിയിറങ്ങാനില്ലെന്നും ഭാരതിയുടെ ബന്ധുക്കള്‍ അറിയിച്ചു.