KERALA

'മുഖ്യമന്ത്രിയുടെ അടുക്കളയിൽവരെ ഒരു വ്യവസായിക്ക് സ്വാധീനം, ആര്യ അഹങ്കാരി'; സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

ദ ഫോർത്ത് - തിരുവനന്തപുരം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം. ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്നും അയാളാണ് എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹരിയുടെ ആരോപണം. മുതലാളി ആരാണെന്ന് വെളിപ്പെടുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ഹരി തയാറായില്ല.

പാർട്ടിയുടെ ന്യൂനപക്ഷ സമീപനത്തെച്ചൊല്ലിയും ജില്ലാകമ്മിറ്റിയിൽ വാഗ്‌വാദം അരങ്ങേറി. ഇപ്പോഴുള്ള ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്നായിരുന്നു വാദമുയർന്നത്. ഇതിനു ജില്ലാ സെക്രട്ടറി വി ജോയ് മറുപടി പറയുമ്പോഴായിരുന്നു തർക്കമുണ്ടായത്. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമർശനത്തെ പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി പറഞ്ഞതിനെ അംഗങ്ങൾ ചോദ്യം ചെയ്തു. മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

അംഗങ്ങൾ ഉന്നയിച്ചത് എന്താണെന്ന് ഉറപ്പാക്കാൻ മിനുട്സ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നു സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം സ്വരാജ് ഇടപെടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു .വിമർശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ സെക്രട്ടറി തിരുത്തണമെന്നും സ്വരാജ് നിർദേശിച്ചു. തിരുത്തിയ മറുപടിക്കുശേഷമാണ് പ്രശ്നമവസാനിച്ചത്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെയും തിരുവനന്തപുരം നഗരസഭ മേയർ ആദ്യ രാജേന്ദ്രനും കമ്മിറ്റിയിൽ വിമർശിക്കപ്പെട്ടു. മേയർ അഹങ്കാരിയാണെന്നും ആര്യയും കുടുംബവും കെ എസ് ആർ ടി സി ബസ് തടഞ്ഞത് ഗുണ്ടായിസമാണെന്നും അംഗങ്ങൾ പറഞ്ഞു. ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നന്നായി. അല്ലായിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. ഈ പെരുമാറ്റം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി. ഇരുവരും പക്വത കാണിച്ചില്ലെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.

ഷംസീറിനെതിരെ അദ്ദേഹത്തിന്റെ ബിസിനസ് ബന്ധങ്ങളെ മുൻനിർത്തിയായിരുന്നു വിമർശനം. പാർട്ടി രീതിക്ക് യോജിച്ച ബിസിനസ് ബന്ധങ്ങളാണ് ഷംസീറിന്. അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാളെ പാർട്ടി പ്രവർത്തകർ സമീപിച്ചപ്പോൾ ദേശാഭിമാനി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമാണെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിധിയെയും കരിനിഴലിൽ നിർത്തിയെന്ന് വിമർശനമുയർന്നു. വികസന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ വിമർശനമുന്നയിച്ചാൽ അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്നായിരുന്നു ചോദ്യം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?