സിപിഎം പ്രവർത്തകനായ ആനാവൂർ നാരായണൻ നായർ വധക്കേസിൽ ബിഎംഎസ് സംസ്ഥാന നേതാവടക്കം ആർഎസ്എസുകാരായ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികള്‍ക്ക് പത്ത് വർഷം അധിക തടവും കോടതി വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
മൂന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ, നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. മൂന്നാം പ്രതി പ്രസാദ്, അഞ്ചാം പ്രതി പ്രേം എന്നിവർ 50,000രൂപയും പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ് ബിഎംഎസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
എസ്എഫ്ഐ വെളളറട ഏര്യാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്തനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് നാരായണൻ നായർക്ക് വെട്ടേറ്റത്
2013 നവംബർ 5നാണ് നാരായണൻ നായരെ അക്രമി സംഘം വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ നാരായണൻ നായരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാരായണൻ നായർ അടുത്ത ദിവസം മെഡിക്കൽ കേളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. എസ്എഫ്ഐ വെളളറട ഏര്യാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്തനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് നാരായണൻ നായർക്ക് വെട്ടേറ്റത്.
കേസിൽ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കീഴാരൂർ സ്വദേശികളായ പ്രതികളെല്ലാവരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ നാരായണൻ നായരുടെ കുടുംബത്തിന് നൽകണമെന്നാണ് കോടതി വിധി.