വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ അഴിമതിയില്‍ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ആരോപണവുമായി മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകളുണ്ടെന്നാണ് അനില്‍ അക്കരെയുടെ ആരോപണം. ഫ്ളാറ്റ് നിർമാണത്തിനായി വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനില്‍ അക്കരെയുടെ പ്രധാന ആരോപണം. ഈ യോഗത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം(എഫ്‌സിആര്‍എ) മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടുന്നു.
ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. സർക്കാരിന്റെ ഭവന പദ്ധതിയായ വടക്കാഞ്ചേരി ലൈഫ് മിഷനുവേണ്ടി യുഎഇ റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയത് യു വി ജോസായിരുന്നു. കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തുവെന്നും അനില്‍ അക്കര ആരോപിച്ചു . എഫ്സിആർഎ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അനിൽ അക്കര പറയുന്നു.
ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലാണ് ഗൂഢാലോചനയുടെ തുടക്കം. എന്തു കൊണ്ട് വടക്കാഞ്ചേരി നഗരസഭയെ നിര്‍മാണം ഏല്‍പ്പിച്ചില്ലെന്നും അനില്‍ അക്കര ചോദിക്കുന്നു. അതേ സമയം രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറില്ലെന്നും സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അനില്‍ അക്കര വ്യക്തമാക്കി.