KERALA

അനില്‍ ആന്റണി സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം ചുവടുവയ്ക്കുമ്പോള്‍

ബിജെപിയെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കെ ആകൂയെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം പാളയത്തിലെ കൊഴിഞ്ഞുപോക്ക് തടയാനാകുന്നില്ലെന്നതാണ് വസ്തുത

എ വി ജയശങ്കർ

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രധാനിയായ എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം ചുവടുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരുന്നത് അനവധി ചോദ്യങ്ങൾ. ബിജെപിയെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കെ ആകൂയെന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം പാളയത്തിലെ കൊഴിഞ്ഞുപോക്ക് തടയാനാകുന്നില്ലെന്നതാണ് വസ്തുത.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന അനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടയുന്നത്. തുടര്‍ന്ന് പദവികള്‍ രാജിവച്ചു. പിന്നിട് പലതവണ അനില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അടക്കം പുകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ അനില്‍ ബിജെപിലെക്കെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. ഒടുവില്‍, ബി ജെ പി യുടെ സ്ഥാപക ദിനത്തില്‍ ആ രാഷ്ട്രീയധാരയ്ക്ക് ഒപ്പം അണിനിരക്കാന്‍ തിരുമാനിച്ചുവെന്നത് കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അത്ര അപ്രതീക്ഷിതമായ വാര്‍ത്തയൊന്നുമല്ല.

അച്ഛന്റെ കൈപിടിച്ച് രാഷ്ട്രീയ പ്രവേശനം നടത്തിയ മകന്‍ പാര്‍ട്ടി വിടാന്‍ വൈകിയെന്നാണ് സോഷ്യല്‍ മീഡിയകളിലെ കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ ഒരു പോലെ പങ്കുവയ്ക്കുന്നത്. നേതാക്കളും സമാന നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. '30 വെള്ളിക്കാശിന് യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തതിന് തുല്യം' എന്നാണ് അനിലിന്റെ കൂടുമാറ്റത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശേഷിപ്പിച്ചത്. വരും മണിക്കൂറുകളില്‍ അനിലിനെ തള്ളി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോഴും കോണ്‍ഗ്രസ് നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ല.

അനിലിന്റെ ബി ജെ പി പ്രവേശനം കേരളത്തിലെ ബിജെപിക്ക് കാര്യമായ രാഷ്ട്രീയ നേട്ടമൊന്നും സമ്മാനിക്കാനിടയില്ല എങ്കിലും ആന്റണിയുടെ മകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് ഉത്തരം പറയേണ്ടിവരും. അനിലിന്റെ പ്രവേശനം രാഷ്ട്രീയ നേട്ടമായിട്ടാണ് ബി ജെ പി ക്യാമ്പ് വിലയിരുത്തുന്നത്. അസംതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേത്യത്വം.

ഒപ്പം കേരളത്തിവെ വലിയൊരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് അനുകൂലമാകാന്‍ സഹായിക്കുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി ജെ പിയിലെത്തിയ ടോം വടക്കനും അല്‍ഫോണ്‍സ് കണ്ണാന്താനത്തെയുമെല്ലാം ബി ജെ പി കൂടെ കൂട്ടിയതും ഇതോ ന്യൂനപക്ഷ വോട്ടുകള്‍ സ്വപ്‌നം കണ്ട് തന്നെയായിരുന്നു. എന്നാൽ ഇതൊന്നും ഇതുവരെയും ഫലവത്തായിട്ടില്ല.

കോണ്‍ഗ്രസ് ഒരു കുടുബത്തിനുവേണ്ടി പണിയെടുക്കുന്നുവെന്നാണ് ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ അനിൽ ആന്റണി ഉയര്‍ത്തിയ പ്രധാന അക്ഷേപം. മുതിര്‍ന്ന നേതാവിന്റെ മകന്‍ തന്നെ ഇത്തരം ഒരു അക്ഷേപം ഉന്നയിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ബി ജെ പി ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതെല്ലാം അതിജീവിച്ച് എങ്ങനെ ബിജെപിക്കെതിരെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പോരുതുമെന്ന് കണ്ടുതന്നെ അറിയണം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി