സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം. തൃശൂര്‍ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ വയോധികയാണ് മരിച്ചത്. ഒരു മാസം മുന്‍പ് കാട്ടില്‍വച്ച് നായയുടെ കടിയേറ്റ, നടാംപാടം കളളിച്ചിത്ര കോളനിയിലെ മനയ്ക്കൽ മാധവന്റെ ഭാര്യ പാറുവാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഈ വർഷം പേവിഷബാധ മൂലം മരിക്കുന്നവരുടെ എണ്ണം 20 ആയി.
പാറു മൂന്ന് ദിവസം മുൻപാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ വാക്സിൻ എടുത്തിരുന്നില്ല. തുടർന്ന് ഇവരെ പ്രത്യേക സെല്ലിൽ ചികിത്സ നൽകി നിരീക്ഷിച്ച് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മാസം എട്ടിന്, ചിമ്മിനിയിൽ കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ, ആനപ്പോര് വച്ചാണ് പാറുവിന് നായയുടെ കടിയേറ്റത്. ചുണ്ടിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് ഇവർ പറഞ്ഞത്. തുന്നലിട്ട് മടങ്ങിയ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഇവർ ഡിസ്പൻസറിയിലെത്തി തുന്നൽ വെട്ടിയിരുന്നു. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് കൂടി നായയുടെ കടിയേറ്റിരുന്നു. എന്നാൽ അവർ വാക്സിൻ എടുത്തിരുന്നു.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1.2 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഇതുവരെ 20 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. നേരത്തെ, വിവിധ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ പേവിഷബാധ നിയന്ത്രിക്കാനായി കർമ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കാനും വാക്‌സിനേഷൻ കർശനമാക്കാനും യോഗം തീരുമാനിച്ചു. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം ജില്ലകളിൽ ഫലപ്രദമായി നടപ്പാക്കാത്തത് കേസുകളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതായും യോഗം വിലയിരുത്തി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ, മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികൾക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ലോക്ഡൗൺ സമയത്ത് നായകളെ വീട്ടിൽ വളർത്തുന്നവരുടെ എണ്ണം വർധിച്ചിരുന്നു. അതുമൂലം വളർത്തുനായകളുടെ കടിയേറ്റ കേസുകളിലും 20 ശതമാനം വർധനയുണ്ടായി.