ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70)യാണ് കൊല്ലപ്പെട്ടത്. വീടിനു സമീപമുള്ള പറമ്പില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. കാട്ടാന ആക്രമിച്ചതിനു പിന്നാലെ തന്നെ ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പ് മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം കാട്ടുതീ പടര്‍ന്നതോടെ ആനക്കൂട്ടം മലയിറങ്ങുകയായിരുന്നു. പുലര്‍ച്ചയോടെ തന്നെ ഇക്കാര്യം വനംവകുപ്പിനെ അറിയിച്ച് ആനകളെ തുരത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.
സ്ഥിരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. ജില്ലാ അതിര്‍ത്തിയായതിനാല്‍ വനം വകുപ്പിന്റെ ഏത് വിഭാഗമാണ് ആനകളെ തുരത്തേണ്ടതെന്ന അവ്യക്തത നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ഒരു പുഴയ്ക്കപ്പുറം എറണാകുളവും ഇപ്പുറം ഇടുക്കി ജില്ലയുമാണ്.
കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണി കഴിഞ്ഞ ആഴ്ചയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്നാര്‍ കെ ഡി എച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിലും മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.