KERALA

പേവിഷ ബാധയ്ക്കെതിരെയുള്ള വാക്‌സിൻ ഫലപ്രദമെന്ന് പരിശോധനാ ഫലം

പത്തനംതിട്ടയില്‍ മരിച്ച 12 വയസുകാരിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചത്

വെബ് ഡെസ്ക്

ആന്റി റാബീസ് വാക്‌സിനിൽ പേവിഷബാധ പ്രതിരോധിക്കാനുള്ള ആന്റി ബോഡിയുണ്ടെന്ന് പരിശോധനാ ഫലം. സംസ്ഥാനത്ത് ലഭ്യമാകുന്ന വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയങ്ങൾ ഉയർന്ന സാഹര്യത്തിലാണ് നിര്‍ണായക പരിശോധനാഫലം പുറത്തുവരുന്നത്. പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് മരിച്ച 12 വയസുകാരിയില്‍ നിന്ന് ശേഖരിച്ച രക്തത്തിന്റെയും സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെയും സാമ്പിളുകളാണ് പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റൂട്ടിൽ പരിശോധിച്ചത്. ഇതിലാണ് റാബീസ് വൈറസിനെതിരെ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്.

ആർടിപിസിആർ പരിശോധനയിൽ, രക്തത്തിൽ റാബിസ് വൈറസിന്റെ സാന്നിധ്യവും റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റിൽ വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യവും കണ്ടെത്തി. എന്നാല്‍, സാമ്പിളുകളിൽ കണ്ടെത്തിയ ആന്റിബോഡികൾ വാക്സിൻ വഴി ലഭിച്ചതോ അല്ലെങ്കിൽ ശരീരം സ്വമേധയാ ഉത്പാദിപ്പിച്ചതോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന സംശയവും ചില ഡോക്ടർമാർ പ്രകടിപ്പിക്കുന്നു.

"കുട്ടിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച ദ്രവ സാമ്പിളുകളിൽ ആന്റിബോഡികൾ കണ്ടെത്തിയെന്നത് ആന്റി റാബീസ് വാക്സിൻ പ്രവർത്തിച്ചിരുവെന്നാണ് സൂചിപ്പിക്കുന്നത്. വാക്‌സിൻ എടുക്കുന്നതിന് മുൻപ് തന്നെ വൈറസുകൾ നാഡി ഞരമ്പുകളിലേക്ക് എത്തിയതിനാൽ ആന്റിബോഡികൾക്ക് പ്രതിരോധിക്കാൻ സാധിച്ചില്ല. മുറിവിന്റെ സ്വഭാവവും (കണ്ണുകൾക്ക് സമീപം ആഴത്തിലുള്ള മുറിവ്) അത് കൈകാര്യം ചെയ്യുന്നതിലെ കാലതാമസവുമാകാം (മുറിവ് കഴുകുന്നതും മുറിവേറ്റ സ്ഥലത്ത് ഇമ്യൂണോഗ്ലോബുലിൻ സെറം നൽകുന്നതും) ഇതിന് കാരണം. ഇത് നാഡി ഞരമ്പുകളിൽ വൈറസ് അതിവേഗം പ്രവേശിക്കാൻ കാരണമാകും" വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ പ്രതിരോധ സംവിധാനം റാബീസ് വൈറസിനെ തിരിച്ചറിയുന്നുണ്ടെങ്കിലും, വൈറസ് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ മാത്രമാണ് വൈറസിനെതിരായ രോഗപ്രതിരോധ പ്രവർത്തനം ആരംഭിക്കുന്നത്. രോഗിയുടെ മരണം സംഭവിച്ച മിക്ക കേസുകളിലും പ്രതിരോധ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതിനാൽ, പത്തനംതിട്ടയിൽ മരിച്ച കുട്ടിയുടെ സാമ്പിളുകളിൽ കണ്ടെത്തിയ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ വാക്സിൻ വഴിയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കരുതുന്നത്.

അതിനിടെ, വാക്‌സിന്റെ കുറഞ്ഞ ഫലപ്രാപ്തിയെ ചൊല്ലി ഒരു ബാച്ച് ആന്റി റാബിസ് വാക്‌സിൻ (കെബി 210002) കേരള സര്‍ക്കാര്‍ പിൻവലിച്ചിരുന്നു. കൂടാതെ, പേവിഷബാധയ്‌ക്കെതിരായ വാക്‌സിനും സെറവും കുത്തിവെച്ചിട്ടും സംസ്ഥാനത്തുണ്ടായ അഞ്ച് മരണങ്ങളുടെ കാരണം പരിശോധിക്കാന്‍ സർക്കാർ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ