പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് പുറത്ത്. മരണത്തിന് മുൻപ് കോളേജിൽ വെച്ച് സിദ്ധാർത്ഥൻ അനുഭവിച്ച ക്രൂരപീഡനങ്ങളുടെ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്.
സിദ്ധാർത്ഥൻ കോളേജിൽ ഭീകരമായ മർദ്ദനം നേരിട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിദ്യാർഥികളുടെ മുൻപിൽ പരസ്യ വിചാരണ നേരിടേണ്ടി വന്നു. നഗ്നനായി നടത്തി. ഫെബ്രുവരി പതിനാറിന് രാത്രി ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽനിന്ന് വലിയ ശബ്ദവും നിലവിളികളും മറ്റു കുട്ടികൾ കേട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ കോളേജിലെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ഹോസ്റ്റലിൽ നടന്ന പീഡന വിവരങ്ങൾ പുറത്തറിയിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
മരണത്തിന് രണ്ട്, മൂന്ന് ദിവസം മുൻപ് സിദ്ധാർത്ഥനുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ സംബന്ധിച്ച ആന്റി റാഗിങ് കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 18 പേര്‍ ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പലയിടങ്ങളിൽ വച്ചാണ് മർദ്ദിച്ചത്. ഈ സ്ഥലങ്ങളും ഉൾപ്പെട്ട വിദ്യാർഥികളുടെ വിശദവിവരങ്ങളും റിപ്പോർട്ടിലുണ്ട്. 97 പേരുടെ മൊഴിയാണ് ആന്റി റാഗിങ് കമ്മിറ്റി ശേഖരിച്ചത്. ഇതിൽ 22 പേരുടേത് നേരിട്ട് ശേഖരിച്ചു. വിദ്യാർഥികളുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 15ന് സിദ്ധാർത്ഥൻ ക്യാമ്പസിൽനിന്ന് വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. സൗദ് റിസാല്‍, മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നിവർക്കൊപ്പമാണ് സിദ്ധാർത്ഥൻ യാത്ര പുറപ്പെട്ടത്. എന്നാൽ അന്ന് രാത്രി രഹന്‍ ബിനോയ്, അഭിജിത്ത് മോഹന്‍ എന്നിവർ സിദ്ധാർത്ഥനെ വിളിക്കുകയും തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം അടുത്ത ദിവസം രാവിലെ, സിദ്ധാർത്ഥൻ തിരികെ ഹോസ്റ്റലിലെത്തുന്നു.
ആ ദിവസമാണ് സിദ്ധാർത്ഥൻ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയത്. അന്ന് പകൽ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും രാത്രി മർദനമാരംഭിച്ചു. രാത്രി ഹാഷിം വി മുഹമ്മദ്, ധനീഷ് എം, ആദിത്യൻ വി, സൗദ് റിസാൽ ഇകെ, ദേവരാഗ് വിജയൻ, കൃഷ്ണ ലാൽ എസ്, റെഹാൻ ബിനോയ് എന്നിവർ സിദ്ധാർത്ഥനെ മെൻസ് ഹോസ്റ്റലിന് എതിർവശത്തുള്ള ഒരു ചെറിയ കുന്നിനു മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയുള്ള വാട്ടര്‍ടാങ്കില്‍ വച്ച് സിദ്ധാർത്ഥന് മർദ്ദനമേറ്റതായി കേട്ടിരുന്നുവെന്ന് മറ്റ് രണ്ട് വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. ശേഷം രാത്രി വൈകി എല്ലാവരും സിദ്ധാർത്ഥനൊപ്പം തിരിച്ചുവന്നു.
അന്ന് രാത്രി ഹോസ്റ്റലിലെ 21-ാം മുറിയിൽ വച്ച് സിദ്ധാർത്ഥൻ വീണ്ടും ശാരീരികപീഡനത്തിന് ഇരയായി. വിദ്യാർഥികൾ സംഘം ചേർന്നാണ് സിദ്ധാർത്ഥനെ മർദിച്ചത്. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍, അമല്‍ ഇഹ്സാന്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, കാശിനാഥന്‍, നസീഫ്, അമീന്‍ അക്ബര്‍ അലി, ആദിത്യന്‍, അല്‍താഫ്, ആകാശ്, ഗിരികൃഷ്ണന്‍, റസീന്‍ അബ്ദുള്‍ റീം, അജയ്, ശ്രീഹരി, സൗദ് റിസാല്‍, അതുല്‍ സോമന്‍ എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നു. ക്രൂരമർദനമാണ് നേരിട്ടത്. സിന്‍ജോ ജോണ്‍സണ്‍ സിദ്ധാര്‍ത്ഥന്റെ കഴുത്തില്‍പിടിച്ചുതൂക്കി നിര്‍ത്തിയെന്നും സ്റ്റീല്‍ അലമാരയോട് ചേര്‍ത്തുനിര്‍ത്തുകയും അമര്‍ത്തുകയും ചെയ്തു.
അടിവസ്ത്രം മാത്രം ധരിച്ചാണ് സിദ്ധാർത്ഥൻ മുറിക്കുള്ളിലുണ്ടായിരുന്നത്. സിദ്ധാര്‍ത്ഥനെ അരുണ്‍ കെ തറയില്‍നിന്ന് എടുത്തുയര്‍ത്തുകയും തറയിൽനിന്ന് വെള്ളം തുടപ്പിക്കുകയും ചെയ്തു. ആസിഫ് ഖാൻ മുറിയിലേക്ക് ഗിരികൃഷ്ണനെ കൂട്ടിക്കൊണ്ടുവന്നു. ആസിഫ് ഖാനും കാശിനാഥനും കൂടി സിദ്ധാർത്ഥനെ മർദിക്കാൻ ഗിരികൃഷ്ണനെ നിർബന്ധിച്ചു. സിദ്ധാർത്ഥനെ അടിച്ചശേഷം കരഞ്ഞുകൊണ്ടാണ് ഗിരികൃഷ്ണൻ 21-ാം മുറിയിൽനിന്ന് ഇറങ്ങിപ്പോയത്. രാത്രി മുറിയിൽനിന്ന് വലിയ കരച്ചിലും നിലവിളിയും കേട്ടെന്ന് മറ്റു കുട്ടികൾ മൊഴി നൽകി.
മുറിയിലെ മർദനത്തിനുശേഷം സിദ്ധാർത്ഥനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റെപ്പിലൂടെ താഴെയിറക്കി. ഇങ്ങനെ കൊണ്ടുവരുമ്പോഴും മർദിക്കുകയായിരുന്നു. മേൽപ്പറഞ്ഞ വിദ്യാർഥികൾ തന്നെയായിരുന്നു ഇതിലും ഉൾപ്പെട്ടത്. ഇവർ താഴത്തെ നിലയിലുള്ള തുറസായ മൈതാനത്ത് സിദ്ധാർത്ഥനെ കൊണ്ടുവന്നു. ഹോസ്റ്റലിന്റെ എല്ലാ ബ്ലോക്കിൽനിന്നും ഒരുപോലെ കാണാവുന്ന സ്ഥലമായിരുന്നു 'ക്വാഡ്രാങ്കിൾ' എന്ന ഈ ഗ്രൗണ്ട്.
ഹോസ്റ്റലിലെ എല്ലാ വിദ്യാർത്ഥികളെയും വാതിലിൽ തട്ടി ഉണർത്തി. ഉറങ്ങുന്നവരെ വിളിച്ച് എഴുന്നേൽപ്പിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർത്ഥനെ മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ ചെയ്യാൻ ആരംഭിച്ചു. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് നിർബന്ധിച്ച് മാപ്പ് പറയിപ്പിച്ചു. അവിടെ വച്ചും സംഘം ഉച്ചത്തിൽ അലറുകയും സിദ്ധാർത്ഥനെ ക്രൂരമായി മർദിക്കുകയും ചെയ്തു. കൈയും ബെൽറ്റും ചില ഇലക്‌ട്രോണിക് ഉപകരണത്തിൻ്റെ ചാർജർ വയറുകളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു.
കാശിനാഥന്‍ പല തവണ സിദ്ധാര്‍ത്ഥനെ ബെല്‍റ്റുകൊണ്ട് അടിച്ചു. സിന്‍ജോ ജോണ്‍സണ്‍ ക്രൂരമായാണ് മർദിച്ചത്. കാല് കൊണ്ട് നെഞ്ചിലും പുറത്തും പലതവണ ചവിട്ടി. സിദ്ധാർത്ഥന്റെ വിരലുകൾ തറയിൽ വെച്ച് കാൽ കൊണ്ട് ഞെരിച്ചു. കുനിഞ്ഞുനില്ക്കാൻ ആവശ്യപ്പെട്ട് പുറത്ത് അടിച്ചു. ആകാശ് സിദ്ധാർത്ഥന്റെ തലയ്ക്കടിച്ചു. സാങ്കല്പിക കസേരയില്‍ പല തവണ ഇരുത്തി. ഇരിക്കാനാവാതെ പല തവണ സിദ്ധാര്‍ത്ഥൻ നിലത്ത് വീണു. എന്നാൽ മർദ്ദനം തുടർന്ന് കൊണ്ടേയിരുന്നു. സിന്‍ജോ സിദ്ധാർത്ഥന്റെ കഴുത്തിൽ പിടിച്ച് പലതവണ അടിച്ചു. അങ്ങനെ ക്രൂരമർദനം തുടർന്നുപോയി.
രോഹൻ രമേശ് എന്ന വിദ്യാർത്ഥിയും പിജി വിദ്യാർത്ഥി നിതിൻ ശങ്കറും സംഘത്തോട് മർദനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് ഒന്നാംനിലയിലെ ഡോര്‍മെട്രിയിലേക്ക് സിദ്ധാര്‍ത്ഥനെ എത്തിച്ചു. ഡോർമെട്രിയിലേക്ക് പോകുന്ന ഇടനാഴിയിലെ കട്ടിലിൽ സിദ്ധാർത്ഥനെ ഇരുത്തി. കാശിനാഥനും അഖിലും അവിടെ വെച്ചും മർദനം തുടർന്നു. സിദ്ധാര്‍ത്ഥന്റെ ശരീരം നിറയെ മര്‍ദനത്തിന്റെ പാടുകളുണ്ടെന്ന് സാക്ഷി മൊഴി നൽകിയിട്ടുണ്ട്.
സിദ്ധാർത്ഥനെ പിന്നീട് സഹപാഠികൾ ഹോസ്റ്റലിലെ ഡോർമെട്രിയിലെ മുറിയിലേക്ക് കൊണ്ടുപോയി. സിദ്ധാർത്ഥൻ കൃഷ്ണ ലാലിൻറെ മുറിയിലാണ് അന്ന് കിടന്നിരുന്നത്. 17 മുതൽ സിദ്ധാർത്ഥൻ കാര്യമായി എന്തെങ്കിലും ഭക്ഷണം കഴിക്കുന്നത് ആരും കണ്ടിട്ടില്ല. അൽപ്പം കഞ്ഞിവെള്ളം കുടിച്ചതായി ഒരു സുഹൃത്തിനോട് സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ചില വിദ്യാർഥികൾ ഭക്ഷണം കൊണ്ടുവന്ന് നൽകിയിരുന്നുവെങ്കിലും മരണം വരെ സിദ്ധാർത്ഥൻ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ.
സിദ്ധാർത്ഥൻ മരിച്ച ദിവസം രാവിലെ, 18 ന് തൊണ്ട വേദനയുണ്ടെന്ന് പറഞ്ഞിരുന്നു. അഭിജിത്ത് മോഹൻ, അഖിൽ, ശ്യാം കൃഷ്ണൻ എന്നിവർ തൊണ്ട പരിശോധിക്കുകയും ചില മരുന്നുകൾ നിർദേശിക്കുകയും ചെയ്തു. ആശുപത്രിയിൽ കൊണ്ടുപോയില്ല.
അന്നേ ദിവസം ഉച്ചയ്ക്കുശേഷം സിദ്ധാർത്ഥനെ മുറിയിൽ കാണാനില്ലായിരുന്നു. കുളിമുറിയിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ല. സുശാന്ത് കുമാർ കുളിമുറിയുടെ വാതിൽ ബലമായി തുറന്നു. സിദ്ധാർത്ഥനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെസ് സ്റ്റാഫ് ജയിംസും ചില വിദ്യാർഥികളും അവിടെയുണ്ടായരുന്നു. മര്‍ദിച്ചവര്‍ പലരും കുളിമുറിക്കടുത്തുണ്ടായിരുന്നു.
തൂങ്ങാൻ ഉപയോഗിച്ച തുണിയറുത്ത് ശ്യാംകൃഷ്ണൻ, ജെയിംസ്, റസീൻ എന്നിവർ സിദ്ധാർത്ഥനെ താഴെയിറക്കി. വിദ്യാർത്ഥികൾ പോലീസിനെയും ആംബുലൻസിനെയും വിളിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ വച്ച് സിദ്ധാർത്ഥൻ മരിച്ചതായി സ്ഥിരീകരിച്ചു.
ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ശ്യാംകൃഷ്ണനും സിന്‍ജോ ജോണ്‍സണും കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ പല കുട്ടികളും മൊഴി നൽകാൻ തയാറായിട്ടില്ല.