അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ നൽകിയ റാഗിങ് പരാതി തള്ളി സർവകലാശാല റാഗിങ് വിരുദ്ധ കമ്മിറ്റി. കണ്ണൂർ പാലയാട് ക്യാമ്പസില്‍ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു പരാതി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലെത്തിയതെന്നും റാഗിങ്ങുമായി ബന്ധമില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനെന്നും കമ്മിറ്റി വ്യക്തമാക്കി.
നവംബർ രണ്ടിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ക്യാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ഷുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ അലനെയും രണ്ട് സുഹൃത്തുക്കളെയും ധർമടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് 13 അംഗ കമ്മിറ്റി പരാതിയിൽ അന്വേഷണം നടത്തിയത്. നവംബർ 28 ന് ചേർന്ന കമ്മിറ്റി പരാതി വ്യാജമാണെന്ന് കണ്ടെത്തി.
സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനെന്നും കമ്മിറ്റി
പരാതിക്കാരനായ അദിൻ സുബിയാണ് തർക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സി സി ടീവി ദൃശ്യങ്ങളുടെയും വിദ്യാർത്ഥികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബദറുദ്ദീനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നായിരുന്നു അലന്റെ വാദം. ഇവരെ തടയാന്‍ ശ്രമിച്ച അലനെയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാദ് ഊരാതൊടിയേയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് അലന്‍ ആരോപിക്കുന്നു.
അതേസമയം, എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന്‍ ഷുഹൈബ്, ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കേരളാ പോലീസ് റിപ്പോർട്ട് നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‍ഐഎ കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്.