മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും എഡിജിപി എംആര്‍ അജിത്ത്കുമാറിനെതിരേയും കുരിശുയുദ്ധം പ്രഖ്യാപിച്ചു രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഒടുവില്‍ പാര്‍ട്ടി വഴങ്ങി ആയുധം താഴെവച്ചു. ഇനി പരസ്യപ്രസ്താവനയ്ക്കില്ലെന്നും പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വിഷമിപ്പിച്ചതിന് ക്ഷമചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ അറിയിച്ചു.
താന്‍ ഉന്നയിച്ച പരാതികളെ ഗൗരവമായാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും സമീപിച്ചതെന്ന് അവരുടെ നടപടികളില്‍ നിന്നു ബോധ്യമായെന്നും ഇക്കാര്യത്തില്‍ അവരെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ഉന്നയിച്ച വിഷയങ്ങളില്‍ ഈ നിമിഷം മതല്‍ പരസ്യപ്രസ്താവനകള്‍ നടത്തില്ലെന്നും അന്‍വര്‍ കുറിച്ചു.
പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരേയാണ് താന്‍ ശബ്ദമുയര്‍ത്തിതെന്നും അക്കാര്യത്തില്‍ തനിക്ക് ലവലേശം കുറ്റബോധമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. അവര്‍ക്കെതിരേ ഉന്നയിച്ച പരാതികളില്‍ സര്‍ക്കാര്‍ പല അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോടും അന്നും ഇന്നും തനിക്ക് വിയോജിപ്പ് ഉണ്ടെന്നും വ്യക്തമാക്കുന്ന കുറിപ്പ് ''എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍. സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. സഖാക്കളേ നാം മുന്നോട്ട്'' -എന്ന വാചകങ്ങളോടെയാണ് അവസാനിക്കുന്നത്.
കേരള പോലീസിലെ ഉന്നതര്‍ക്ക് എതിരെയും ആഭ്യന്തരവകുപ്പിനെതിരെയും തുറന്ന യുദ്ധത്തിന് ഇറങ്ങിയ അന്‍വറിന് സിപിഎം ഇന്ന് താക്കീത് നല്‍കിയിരുന്നു. അന്‍വര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാരിനേയും പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറിയെന്നും ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും പത്രക്കുറിപ്പിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പി വി അന്‍വറിനെ തള്ളിപ്പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയിട്ടും നിലപാടുകളും ആരോപണങ്ങളും ആവര്‍ത്തിച്ച് അന്‍വര്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സെക്രട്ടേറിയേറ്റിന്റെ താക്കീത്.